രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെ; രോഗവ്യാപന നിരക്കിൽ കേരളം മുന്നിൽ

  • 05/04/2022

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി. 24 മണിക്കൂറിനിടെ 999 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗ ബാധിതരുടെ എണ്ണമാണിത്. രോഗബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയെത്തുന്നത് 716 ദിവസങ്ങൾക്ക് ശേഷം ആണ്. അതേസമയം രോഗവ്യാപന നിരക്കിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ.

ഇന്നലെ കേരളത്തിൽ 256 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു .എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി 13, തൃശൂർ 9, പാലക്കാട് 7, ആലപ്പുഴ 6, കണ്ണൂർ 6, മലപ്പുറം 4, വയനാട് 2, കാസർഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 56 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,130 ആയി.

കൊവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ തമിഴ്‌നാട് ഇളവു വരുത്തി. കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്‌നാട് പിൻവലിച്ചു. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്നാട് പബ്ലിക് ഹെൽത്ത് ആക്ട്, 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.

Related News