മുല്ലപ്പെരിയാർ: മേൽനോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങൾ കൈമാറിയേക്കും

  • 05/04/2022

ദില്ലി: ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്നും സൂചന നൽകി സുപ്രീംകോടതി. ഇതിനായി കേന്ദ്രസർക്കാരിന് നിർദേശം നൽകുമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമെന്നും സുപ്രീംകോടതി പറഞ്ഞു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡാംസുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സർക്കാരാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അണക്കെട്ടുകളുടെ സുരക്ഷ ദേശീയ ഡാം സുരക്ഷ അതോറിട്ടിയുടെ ചുമതല ആണെന്നാണ് കേന്ദ്ര സർക്കാർ വാദം. അതിനാൽ അണക്കെട്ടിന്റെ സുരക്ഷ ഉൾപ്പെടെയുള്ളവ അതോറിറ്റി പരിശോധിക്കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കേന്ദ്രത്തിന്റെ നിലപാടിനെ തമിഴ്‌നാട് സുപ്രീം കോടതിയിൽ പിന്തുണച്ചിട്ടുണ്ട്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികൾ  അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ ഇന്ന് എഴുതി നൽകി. ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, അഭയ് എസ് ഓക, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് മുല്ലപ്പെരിയാർ ഹർജികൾ പരിഗണിക്കുന്നത്.

Related News