ആംബുലന്‍സ് നല്‍കിയില്ല; കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലേക്ക് രോഗിയായ ഭാര്യയെ ഉന്തുവണ്ടിയില്‍ എത്തിച്ച് ഭര്‍ത്താവ്, ഒടുവില്‍ മരണം

  • 05/04/2022

ലക്‌നൗ: ആംബുലന്‍സ്  സൗകര്യം ലഭിക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ആശുപത്രിയിലേക്ക് രോഗിയായ ഭാര്യയെ ഉന്തുവണ്ടിയില്‍ എത്തിച്ച് ഭര്‍ത്താവ്. എന്നാല്‍ ചികിത്സ ലഭിക്കാന്‍ ഏറെ വൈകിയതിനാല്‍ ഭാര്യ മരിച്ചു. 

യുപി തലസ്ഥാനമായ ലക്‌നൗവില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് ബലിയ. ഇവിടത്തുകാരനായ സാകുല്‍ പ്രജാപതി തന്റെ ഭാര്യ അസുഖബാധിതയായതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അല്‍പം അകലെയുള്ള മറ്റൊരു ആശുപത്രിയിലേക്ക് ഇവരെ മാറ്റണമെന്ന് ഡോക്ടര്‍മാര്‍ സാകുലിനെ അറിയിച്ചു. എന്നാല്‍ ആംബുലന്‍സ് നല്‍കിയുമില്ല.

പണമില്ലാത്തതിനാല്‍ ഉന്തുവണ്ടിയില്‍ ഭാര്യയെ കയറ്റി വലിച്ചാണ് പ്രജാപതി ആശുപത്രിയിലേക്കു പോയത്. അവിടെ ചെന്നപ്പോള്‍ കുറച്ച് മരുന്നുകള്‍ നല്‍കിയ ഡോക്ടര്‍മാര്‍ ഭാര്യയെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇവിടെയും ആംബുലന്‍സ് തരപ്പെടുത്തിക്കൊടുക്കാന്‍ ആശുപത്രി അധികൃതര്‍ക്കു കഴിഞ്ഞില്ല.

ജില്ലാ ആശുപത്രി 15 കിലോമീറ്റര്‍ അകലെയാണ്. അവിടേക്ക് ഒരു മിനി ട്രക്ക് സംഘടിപ്പിച്ച് ഭാര്യയെ എത്തിക്കാന്‍ അഞ്ച് മണിക്കൂറാണ് പ്രജാപതിക്ക് വേണ്ടിവന്നത്. അത്രയും നേരം വൈദ്യസഹായം ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അവസ്ഥ മോശമാകുകയും ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിക്കുകയും ആയിരുന്നു. മാര്‍ച്ച് 28നാണ് സംഭവം നടന്നത്. ചിത്രം പുറത്തുവന്നതിനെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി ബ്രിജേഷ് പഥക് അന്വേഷണത്തിന് ഉത്തരവിട്ടു.

സാകുല്‍ ഭാര്യയെ കിടത്തി കൈവണ്ടി ഉന്തി റോഡിലൂടെ പോകുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ഇത് ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല. എന്തായാലും ചിത്രം വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ആരോഗ്യമന്ത്രി. 

Related News