സ്വത്തു മുഴുവൻ രാഹുൽ ഗാന്ധിക്ക് എഴുതിവെച്ച് എഴുപത്തിയെട്ടുകാരി

  • 06/04/2022

ദെഹ്റാദൂൺ: ''രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്'' -അമ്പരപ്പിക്കുന്ന തീരുമാനത്തെക്കുറിച്ചു ചോദിച്ചപ്പോൾ പതിഞ്ഞശബ്ദത്തിൽ പുഷ്പ മുഞ്ജ്യാൾ പറഞ്ഞു. തന്റെ സ്വത്തുവകകളെല്ലാം രാഹുലിന്റെ പേരിൽ എഴുതിവെച്ചിരിക്കുകയാണ് എഴുപത്തിയെട്ടുകാരിയായ പുഷ്പ. ഉത്തരാഖണ്ഡിലെ ദെഹ്റാദൂൺ സ്വദേശിയാണിവർ.

സ്വത്തും സമ്പാദ്യവും രാഹുലിന് നൽകാനുള്ള വിൽപ്പത്രം കഴിഞ്ഞദിവസം പുഷ്പ ദെഹ്റാദൂൺ ജില്ലാകോടതിയിൽ സമർപ്പിച്ചു. ഇതിന്റെ പകർപ്പ് കോൺഗ്രസ് മുൻസംസ്ഥാനഅധ്യക്ഷൻ പ്രീതം സിങ്ങിന്റെ വീട്ടിലെത്തി കൈമാറുകയുംചെയ്തു. ''ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടി ജീവിതം സമർപ്പിച്ചവരാണ്. ഇപ്പോൾ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ സേവനം രാജ്യത്തിനായി മാറ്റിവെച്ചിരിക്കുന്നു. രാഹുലിന്റെ ആശയങ്ങൾ ഭാവിയെക്കുറിച്ച് പ്രചോദനം നൽകുന്നതാണ്. എന്റെ എളിയ സംഭാവന അദ്ദേഹം നല്ലകാര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുണ്ട്'' -പുഷ്പ പറഞ്ഞു.

ദെഹ്റാദൂണിലെ കണ്ണായ സ്ഥലത്തെ ഉയർന്നമൂല്യമുള്ള സ്വത്തുവകകളും സ്വർണാഭരണങ്ങളുമാണ് രാഹുലിന്റെ പേരിൽ പുഷ്പ എഴുതിവെച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ദെഹ്റാദൂണിലെ സർക്കാർ സ്‌കൂളിൽ അധ്യാപികയായിരുന്നു പുഷ്പ. ഏഴുസഹോദരങ്ങളിൽ ഏറ്റവും ഇളയ ആൾ. 15 വർഷം മുമ്പ് സ്വമേധയാ വിരമിച്ച് സഹോദരിമാർക്കൊപ്പമായിരുന്നു താമസം. നേത്രശസ്ത്രക്രിയയിലൂടെ കാഴ്ചശക്തി ഏറക്കുറെ നഷ്ടമായി. തുടർന്നിപ്പോൾ ഒരു വൃദ്ധസദനത്തിലാണ് താമസം. അവിടെ ജീവിതം സുഖകരമെന്ന് പുഷ്പ പറയുന്നു.

Related News