വ്യോമ ഗതാഗതം പുനസ്ഥാപിക്കാന്‍ സജ്ജമെന്ന് വിമാനത്താവള അധികൃതര്‍

  • 20/05/2020

കുവൈത്ത് സിറ്റി : കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ മൂലം താൽക്കാലികമായി നിർത്തിവച്ച രാജ്യത്തെ വ്യോമ ഗതാഗതം പുനഃസ്ഥാപിക്കാൻ സജ്ജമാണെന്ന് വിമാനത്താവള അധികൃതകരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.വ്യോമയാന മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും മറ്റ് വകുപ്പുകളുടെയും അഭിപ്രായം അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇതേതുടർന്ന് സിവില്‍ ഏവിയേഷന്‍റെ നിർദ്ദേശം കൂടി ലഭിച്ചാൽ ഉടന്‍ സർവ്വീസുകൾ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്ത് നിർദ്ദിഷ്ട നിയന്ത്രണങ്ങളോടെ ജീവിതം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും അവരുടെ പൌരന്മാരെ കൊണ്ടുപോകുവാന്‍ പ്രത്യേക വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ലഗേജുകള്‍ അണുവിമുക്തമാക്കുന്നതിനും മാസ്കുകളും കയ്യുറകളും ധരിക്കുന്നതിനും പ്രത്യേക ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ രാജ്യത്ത് വിമാന സ‍ർവ്വീസുകൾ നി‍ർത്തി വച്ചിരിക്കുകയാണ്. എന്നാൽ നിലവിൽ ചില സ്വകാര്യ കമ്പനികൾ ജൂൺ മാസത്തേക്ക് ബുക്കിം​ഗ് ആരംഭിച്ചതായുള്ള വാർത്തകളും വന്നതാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശക്തമായ ആരോഗ്യ നടപടികളാണ് വിമാനത്താവളത്തില്‍ പിന്തുടരുന്നത്.യാത്രക്കാര്‍ക്ക് ഫേസ് മാസ്ക് നിര്‍ബന്ധമാക്കി. യാത്രക്കാര്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കാനും ഒത്തുചേരല്‍ ഇല്ലാതാക്കാനും കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്. കയ്യുറകളും ധരിക്കുവാനും ബോർഡിംഗിനും ബാഗേജിനുമുള്ള കൌണ്ടറുകളും കൈ കൊണ്ട് തൊടുന്നതും വിലക്കിയിട്ടുണ്ട്. കൊറോണ വിമുക്ത സര്‍ട്ടിഫിക്കറ്റിന് ആവശ്യമായ പ്രീ-സ്ക്രീനിംഗ് ടെസ്റ്റുകള്‍ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടത്തും. എല്ലാ യാത്രക്കാര്‍ക്കും ആരോഗ്യ പരിരക്ഷ നൽകുന്നതിനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ശക്തമായി പാലിക്കും. വിമാനത്താവളത്തില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നത് പരിശോധനകള്‍ നടന്ന് വരികയാണ്. മാസങ്ങളായി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ലഗേജ് ഉപകരണങ്ങൾ, പാസഞ്ചർ ബ്രിഡ്ജുകൾ, യാർഡുകൾക്കും റൺവേകൾക്കും നാവിഗേഷൻ ലൈറ്റിംഗ്, പാർക്കിംഗ്, മാർഗ്ഗനിർദ്ദേശ ഉപകരണങ്ങൾ, പരസ്യ സംവിധാനം, വിഷ്വൽ, ഓഡിയോ ഉപകരണങ്ങള്‍ , സുരക്ഷാ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ, എയർ കണ്ടീഷനിംഗ് മഷീനുകള്‍ , എയർപോർട്ട് ബാക്കപ്പ് ജനറേറ്ററുകള്‍ തുടങ്ങിയവയാണ് പരിശോധിക്കുന്നത്.

അതിനിടെ കുവൈറ്റ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സലേഹ് അൽ ഫെഡാഗി വിമാനത്താവളത്തിലെ നിരവധി വകുപ്പ് മേധാവികളുമായി ചര്‍ച്ചകള്‍ നടത്തി. രാജ്യത്തെ വ്യോമ ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ സന്നാഹങ്ങളും ഒരുക്കുവാനും ഉപകരണങ്ങളുടെയും വർക്ക് സിസ്റ്റങ്ങളുടെയും സന്നദ്ധത ഉറപ്പുവരുത്തുവാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

അതേസമയം ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിമാനക്കൂലി മൂന്നിരട്ടിയാകുമെന്ന് സൂചനകള്‍ നല്‍കി വിവിധ വിമാന കമ്പനികള്‍. ലോക്ക് ഡൗണ്‍ പിന്‍വലിച്ച് രാജ്യം പൂര്‍വ്വാവസ്ഥയിലേയ്‌ക്കെത്തുമ്പോള്‍ പ്രവാസാകള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലിയും കുത്തനെ ഉയര്‍ത്താനാണ് വിവിധ വിമാനക്കമ്പനികളുടെ തീരുമാനം. മിക്ക ലോകരാഷ്ടങ്ങളിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്വദേശത്തേയ്ക്ക് മടങ്ങാന്‍ പറ്റാത്ത പ്രവാസികളെയാണ് ഇത് കൂടുതലായും ബാധിയ്ക്കുക. നിലവിലെ സാഹചര്യത്തില്‍ നിരവധി മലയാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങാനിരുന്നത് തന്നെ. ഇത് വിനയായി തീരുന്നതും സാധാരണക്കാരായ പ്രവാസികൾക്ക് തന്നെയായിരിക്കും.

Related News