ഗുജറാത്തില്‍ നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലെത്തി മാല കവര്‍ന്നു; മോഷണം ഭാര്യയെ സന്തോഷിപ്പിക്കാന്‍

  • 06/04/2022

ബെംഗളൂരു: വിമാനമാര്‍ഗം നഗരത്തിലെത്തി മാലകവര്‍ന്ന 26കാരന്‍ അറസ്റ്റില്‍. ഗുജറാത്തില്‍നിന്ന് വിമാനത്തില്‍ ബെംഗളൂരുവിലെത്തിയാണ് 26കാരന്‍  മാല പിടിച്ചുപറി നടത്തിയിരുന്നത്.  സംഭവത്തില്‍ അഹമ്മദാബാദ് സ്വദേശി ഉമേഷ് കാതികിനെ (26) ആണ് ബെംഗളൂരു പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്ന് അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയ്ക്ക് ചെലവിന് നല്‍കാനും ആഡംബരജീവിതം നയിക്കാനുമാണ് ബെംഗളൂരുവിലെത്തി പിടിച്ചുപറിനടത്തിയതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 26ന് ബൈക്കിലെത്തിയ അജ്ഞാതനായ ഒരു അക്രമി ഒരു സ്ത്രീയുടെ രണ്ട് സ്വര്‍ണമാല കവര്‍ന്നിരുന്നു. അത് ഉമേഷ് ഖാതിക് ആണെന്നും പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ച് അഹമ്മദാബാദിലെ സിസിബി പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 പ്രതിയില്‍ നിന്ന് മോഷണമുതല്‍ കണ്ടെടുത്തു. ഏതാണ്ട് നാല് ലക്ഷം രൂപയുടെ തൊണ്ടിമുതലുകള്‍ പോലീസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ സികെ അച്ചുകാട്ട്, മൈക്കോ ലേ ഔട്ട്, മല്ലേശ്വരം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞതായും പോലീസ് പറഞ്ഞു. 

ഗുജറാത്തില്‍ നടത്തിയ ചെറുകിട മോഷണങ്ങളില്‍നിന്നാണ് പ്രതിക്ക് ബെംഗളൂരുവിലേക്ക് വിമാനംകയറാനുള്ള തുക ലഭിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഒന്നിലധികംതവണ ഇയാള്‍ വിമാനമാര്‍ഗം നഗരത്തിലെത്തിയിരുന്നതായും സൂചനകളുണ്ട്. ബെംഗളൂരുവിലുള്ള ചില സുഹൃത്തുക്കളാണ് മോഷണത്തിന് ബൈക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിനല്‍കിയത്. ഭാര്യയെ ഒപ്പം നിര്‍ത്താനും ആഢംബരജീവിതം നയിക്കാനുമാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു.

Related News