ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയും പാസാക്കി, സഭയിൽ തർക്കം

  • 06/04/2022

ദില്ലി : ക്രിമിനല്‍ നടപടി തിരിച്ചറിയല്‍ ബില്‍ രാജ്യസഭയിലും പാസായി. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്‍ പാസായത്. ബില്ലിനെ ഭയക്കുന്നതെന്തിനാണെന്ന ചോദ്യമുയർത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ, മനുഷ്യാവകാശം, സ്വകാര്യത വാദങ്ങള്‍ ഉന്നയിച്ച് അനാവശ്യ എതിര്‍പ്പുയര്‍ത്തരുതെന്നും പറഞ്ഞു. 


'മനുഷ്യാവകാശമെന്നത് ഒരു ഭാഗത്ത് മാത്രമുള്ളതല്ല. അക്രമങ്ങൾക്ക് ഇരയാകാവുന്നവർക്കും മനുഷ്യാവകാശമുണ്ട്. ദേശസുരക്ഷ ലക്ഷ്യമിട്ടാണ് സർക്കാർ ഈ ബിൽ കൊണ്ടുവരുന്നത്. പൊലീസ് സേന കൂടുതൽ സജ്ജമാകേണ്ടതുണ്ട്'. ബില്ലിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ദുരുപയോഗം ചെയ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രീയാടിസ്ഥാനത്തിലുള്ള കുറ്റാന്വേഷണം രാജ്യത്ത് കൂടുതൽ മികവുറ്റതാകും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ നിയമങ്ങൾ അത്ര കർക്കശമല്ല. ബ്രിട്ടൺ, കാനഡ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കടുത്ത നിയമങ്ങളാണ് നിലവിലുള്ളതെന്നും അമിത് ഷാ പറഞ്ഞു. 

ബിൽ അവതരിപ്പിക്കുന്ന വേളയിൽ അമിത് ഷായും ബിനോയ് വിശ്വവും തമ്മിൽ രാജ്യസഭയിൽ തർക്കമുണ്ടായി. നിയമം ദുരുപയോഗപ്പെടുത്താൻ സാധ്യതയുണ്ടെന്ന് സിപിഐ അംഗം ബിനോയ് വിശ്വം ആരോപിച്ചു. എന്നാൽ ഒരു നിയമവും ദുരുപയോഗം ചെയ്യുന്നില്ലെന്ന് അമിത് ഷാ മറുപടി നൽകി. രാഷ്ട്രീയ കൊലപാതകം നടക്കുന്ന കേരളത്തിൽ നിന്നുള്ള അംഗമായ ബിനോയ് വിശ്വത്തിന് അങ്ങനെ പറയാൻ അവകാശമില്ലെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

Related News