ഇന്ധന വില വർധനക്കെതിരെ എൻഡിഎയിൽ പ്രതിഷേധം, ജനവികാരം എതിരാകുമെന്ന് ജെഡിയു

  • 07/04/2022

ദില്ലി: ജനങ്ങളുടെ നട്ടെല്ലൊടിച്ച് ദിവസേനെ കുതിച്ചുയരുന്ന ഇന്ധന വിലക്കെതിരെ എൻഡിഎയിലും പ്രതിഷേധം. വില വർധന പിൻവലിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ യുണൈറ്റഡ് രംഗത്തെത്തി. ഇന്ധന വില ഇത്തരത്തിൽ ദിവസേനെയെന്നോണം കുതിച്ചുയർന്നാൽ ജനവികാരം എതിരാകുമെന്നും ഇനിയും തെരഞ്ഞെടുപ്പുകൾ മുന്നിലുണ്ടെന്നോർക്കണമെന്നും ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗി പ്രതികരിച്ചു.

എൻഡിഎ സർക്കാർ നിരവധി ജനക്ഷേമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ധനവില വർധന ജനങ്ങളുടെ നടുവൊടിക്കുന്നതാണ്. അവശ്യസാധനങ്ങളുടെയടക്കം വിലക്കയറ്റത്തിനത്  കാരണമാകുന്നു. ഇനിയും ഇത്തരത്തിൽ മുന്നോട്ട് പോയാൽ വലിയ പ്രതിഷേധത്തിനത് കാരണമായേക്കും. എൻഡിഎ സർക്കാർ ഇന്ധനവില വർധനയെ വളരെ ഗൌരവത്തിൽ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ധനവില വർധന പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളിലുമുയർത്തിയെങ്കിലും  ചർച്ചക്ക് അനുമതി ലഭിച്ചിരുന്നില്ല. എന്നിരുന്നാലും വിലക്കയറ്റം ഇന്നും പാർലമെൻറിൽ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. അടിയന്തര പ്രമേയത്തിന് ലോക് സഭയിൽ കോൺഗ്രസ് നോട്ടീസ് നൽകിയിട്ടുണ്ട്.

Related News