രാമേശ്വരത്ത് വീണ്ടും ശ്രീലങ്കൻ അഭയാർത്ഥികൾ; പട്ടിണി സഹിക്കാനാകാതെ ലങ്കവിട്ടതെന്ന് നാലംഗ കുടുംബം

  • 08/04/2022

ധനുഷ്‌കോടി: ശ്രീലങ്കയിൽ നിന്നും വീണ്ടും അഭയാർത്ഥികൾ രാമേശ്വരത്തെത്തി. നാലംഗ കുടുംബമാണ് രാമേശ്വരം ധനുഷ്‌കോടിയിലെത്തിയത്. ആന്റണി, ഭാര്യ രഞ്ജിത, മക്കളായ ജൻസിക, ആകാശ് എന്നിവരാണ് എത്തിയത്. ഇവരെ രാമേശ്വരം മണ്ഡപം ക്യാമ്പിലെത്തിച്ചു. ശ്രീലങ്കയിൽ നിന്ന് നേരത്തെ 16 പേർ രാമേശ്വരത്ത് എത്തിയിരുന്നു.

ശ്രീലങ്കയിലെ തലൈമാന്നാറിൽനിന്ന് സ്പീഡ് ബോട്ടിലാണ് നാലംഗ കുടുംബം ധനുഷ്‌കോടിയിലെത്തിയത്. പട്ടിണി കിടന്ന് മരിക്കാൻ വയ്യാത്തത് കൊണ്ടാണ് ലങ്ക വിട്ടതെന്ന് ആന്റണി പറയുന്നു. മണ്ണെണ്ണ ക്ഷാമം കാരണം കടലിൽ പേയിട്ട് ഒന്നരമാസമായി. അരിക്കും മറ്റ് അവശ്യസാധനങ്ങൾക്കും വലിയ വിലയാണ്. 

ഇനിയും ധാരാളം പേർ ലങ്ക വിട്ട് വരാൻ തയ്യാറായി നിൽക്കുകയാണെന്നും ആന്റണി  കൂട്ടിച്ചേർത്തു. തമിഴ്‌നാട് സർക്കാർ അഭയാർത്ഥികളായി പരിഗണിക്കണമെന്നാണ് ആന്റണിയുടെയും കുടുംബത്തിൻറെയും അഭ്യർത്ഥന. 

Related News