അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും അധികാരത്തോട് താത്പര്യം തോന്നിയിട്ടില്ല: രാഹുൽ ഗാന്ധി

  • 09/04/2022

ദില്ലി: അധികാര കേന്ദ്രത്തിൽ ജനിച്ചിട്ടും തനിക്ക് അധികാരത്തോട് താൽപ്പര്യം തോന്നിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അധികാരം പിടിക്കുന്നതിലേറെ ഇന്ത്യയെന്ന രാജ്യത്തെ മനസ്സിലാക്കാനാണ് താൻ ശ്രമിച്ചത്. ചില രാഷ്ട്രീയക്കാർക്ക്  അധികാരം നേടി ശക്തരാകുന്നതിൽ  മാത്രമാണ് താൽപര്യമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ദില്ലിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. 

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മായാവതി നയിക്കുന്ന ബിഎസ്പിയുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് ശ്രമം നടത്തിയിരുന്നുവെന്നും എന്നാൽ അതിനോട് മായാവതി പ്രതികരിച്ചില്ലെന്നും രാഹുൽ വെളിപ്പെടുത്തി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ഇപ്പോൾ ആർഎസ്എസിന്റെ കൈയിലാണെന്നും രാഹുൽ വിമർശിച്ചു. 

മായാവതി ഈ തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല, യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാൻ ഞങ്ങൾ അവർക്ക് സന്ദേശം അയച്ചെങ്കിലും അവർ പ്രതികരിച്ചില്ല. കോൺഗ്രസിനെ ബാധിച്ചെങ്കിലും കാൻഷിറാം യുപിയിൽ ദലിതുകളുടെ ശബ്ദം ഉയർത്തിയിരുന്നു. എന്നാൽ മായാവതിക്ക് ഇപ്പോൾ അതൊന്നും സാധിക്കുന്നില്ല. സി.ബി.ഐ.യും ഇ.ഡി.യും പെഗാസസും ഉള്ളതുകൊണ്ടാണ് ഇത്തവണ അവർ ദളിത് ശബ്ദങ്ങൾക്കായി പോരാടാതിരുന്നത്. ഭരണഘടനയെ സംരക്ഷിക്കണമെങ്കിൽ നമ്മുക്ക് ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ടതായിട്ടുണ്ട് എന്നാൽ ഭരണഘടനാ സ്ഥാപനങ്ങൾ മുഴുവൻ ഇപ്പോൾ ആർഎസ്എസിന്റെ കയ്യിലാണ് - രാഹുൽ ഗാന്ധി പറഞ്ഞു.

Related News