കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 8.5 ലക്ഷം രൂപ തട്ടിയെടുത്തു; ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍

  • 09/04/2022

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 8.5 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ രണ്ട് ശുചീകരണത്തൊഴിലാളികളെ പോലീസ് അറസ്റ്റുചെയ്തു. അസം അനിത്പൂര്‍ സ്വദേശി അതുല്‍ ഗോഗോയ് (55), അസം തേമാജി മൊറിചുട്ടി സ്വദേശി രാജ് പാങ്ങിങ് (31) എന്നിവരെയാണ് പീളമേട് പോലീസ് അറസ്റ്റുചെയ്തത്.

2021 മേയിലാണ് ഈറോഡ് സ്വദേശിനിയായ യശോദ അവിനാശി റോഡിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയ്‌ക്കെത്തിയത്. ആശുപത്രി ചെലവിനായി ഇവര്‍ രണ്ട് എ.ടി.എം. കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ആശുപത്രിയിലെത്തി ദിവസങ്ങള്‍ക്കകം ഇവര്‍ മരണമടയുകയും ചെയ്തു. രണ്ടാഴ്ചമുമ്പ് ഭര്‍ത്താവ് കൃഷ്ണസാമി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഭാര്യ മരിച്ചശേഷവും രണ്ടുതവണ വന്‍തുക പിന്‍വലിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരില്‍നിന്ന് പണം പിന്‍വലിച്ചതായി കണ്ടെത്തിയത്.

8,67,710 രൂപയാണ് നഷ്ടപ്പെട്ടതെന്ന് കൃഷ്ണസാമി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലെ ശുചീകരണത്തൊഴിലാളികള്‍ രണ്ടുപേര്‍ ചേര്‍ന്ന് എ.ടി.എം. കാര്‍ഡുപയോഗിച്ച് പണം എടുത്തത് കണ്ടെത്തിയത്. ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയുടെ സൗകര്യത്തിനായി എ.ടി.എം. കാര്‍ഡിനുപിറകില്‍ പിന്‍ നമ്പര്‍ എഴുതി നല്‍കിയിരുന്നു. പ്രതികളില്‍നിന്ന് പണം കണ്ടെത്താനായിട്ടില്ല. കോടതിയില്‍ ഹാജരാക്കിയശേഷം ഇവരെ റിമാന്‍ഡ് ചെയ്തു.

Related News