'രാമനവമി ദിവസം മാംസഭക്ഷണം വിളമ്പി'; ഡൽഹി ജെഎൻയു ക്യാംപസിൽ സംഘർഷം.

  • 11/04/2022

ന്യൂഡൽഹി: രാമനവമി ദിവസം മാംസഭക്ഷണം വിളമ്പിയെന്ന് ആരോപിച്ചാണ് ജെഎൻയുവിൽ ഇന്നലെ സംഘർഷമുണ്ടായത്. രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു നടന്ന സംഘര്‍ഷത്തിൽ ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രവര്‍ത്തകര്‍ക്കും എബിവിപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

കോളേജ് ഹോസ്റ്റലിൽ വെച്ച് വിദ്യാര്‍ഥികള്‍ മാംസഭക്ഷണം കഴിക്കുന്നത് എബിവിപി പ്രവര്‍ത്തകര്‍ എത്തി തടയുകയായിരുന്നുവെന്നും അക്രമം അഴിച്ചുവിട്ടെന്നുമാണ് ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ ആരോപിക്കുന്നത്. എന്നാൽ രാമനവമിയോട് അനുബന്ധിച്ച് ഹോസ്റ്റലിൽ നടത്തിയ ഒരു പൂജ ഇടതുപക്ഷവിഭാഗത്തിൽപ്പെട്ട വിദ്യാ‍ര്‍ഥികള്‍ തടസ്സപ്പെടുത്തിയെന്നാണ് എബിവിപിയുടെ ആരോപണം.

വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയിലാണ് ഡൽഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.അതേസമയം, എബിപിവി പ്രവര്‍ത്തകരും എതിര്‍വിഭാഗത്തിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഐപിസി 323, 341, 509, 506, 34 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. തിരിച്ചറിയാത്ത എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. സംഘര്‍ഷത്തിൽ പതിനാറോളം വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളെ തിരിച്ചറിയാനും തെളിവുകള്‍ ശേഖരിക്കാനും ശ്രമം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

വിദ്യാര്‍ഥികളെ കല്ലെറിഞ്ഞെന്നും ആക്രമിച്ചെന്നും ഇരുവിഭാഗവും ആരോപിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ഇരുപാര്‍ട്ടികളും ക്യാംപസിൽ പ്രത്യേകം പ്രതിഷേധപ്രകടനങ്ങളും നടത്തി. സംഭവത്തെപ്പറ്റി വിവരം ലഭിച്ചതിനു പിന്നാലെ ക്യാംപസിൽ എത്തിയെന്നും അക്രമം അവസാനിപ്പിക്കാൻ ഇടപെട്ടെന്നുമാണ് പോലീസ് അധികാരികൾ അറിയിച്ചു.

Related News