വിവാഹാഘോഷം കൊഴുപ്പിക്കാൻ വെടിയുതിര്‍ത്തു; വെടിവെച്ചയാൾ മരിച്ചു, വരൻ അടക്കം മൂന്ന് പേ‍‍ർക്ക് പരിക്ക്

  • 11/04/2022

ജയ്പൂർ: വിവാഹാഘോഷം അതിരുവിട്ടതോടെ വിവാഹ വീട് മരണവീടായി. വിവാഹാഘോഷം കൊഴുപ്പിക്കാൻ വെടിയുതിര്‍ത്തതാണ് ദുരന്തത്തില്‍ കലാശിച്ചത്. രാജസ്ഥാനിലെ സികാറിലാണ് സംഭവം നടന്നത്. വെടിവെച്ചയാൾ മരിച്ചു. വരൻ അടക്കം മൂന്ന് പേ‍‍ർക്ക് പരിക്കേറ്റു. 

ശനിയാഴ്ചയായിരുന്നു വിവാഹഘോഷവും വെടിവെപ്പും നടന്നത്. വെടിയുതി‍ർത്ത സുരേഷ് സെ​ഗാദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വച്ച് ഇയാളുടെ ജീവൻ നഷ്ടമായി. കയ്യിലുണ്ടായിരുന്ന നാടൻ തോക്കുപയോ​ഗിച്ചാണ് ഇയാള്‍ വെടിവെച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സുരേഷ്. 

വെടിയേറ്റ വരൻ സം​ഗ്രാം സിം​​ഗിനെതിരെയും കേസുകളുണ്ട്. പരിക്കേറ്റ് ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ശ്യാം സിംഗ് എന്നയാളുടെ നില ​ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. വിവാഹത്തിന് മുന്നോടിയായി നടത്തിയ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെയാണ് സുരേഷ് വെടിയുതി‍ർത്തത്. അബദ്ധത്തിൽ സ്വയം വെടിവയ്ക്കുന്നതിന് മുമ്പ് സുരേഷ് മറ്റ് മൂന്ന് പേ‍ർക്ക് നേരെ വെടിയുതി‍ർത്തിരുന്നു. 

13 പോലീസ് കേസുകളാണ് സുരേഷ് സെ​ഗാദിനെതിരെ നിലവിലുള്ളത്. ഇയാളുടെ മൃതദേഹം പോസ്റ്റ്മോ‌ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അതേസമയം വരൻ അടക്കം അഞ്ച് പേരെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു. 

Related News