'സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി വീട്ടിലേക്ക് അയക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ'; ജീവനക്കാരൻ ആത്മഹത്യ ചെയ്തു

  • 11/04/2022

ലഖ്‌നൗ: സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി വീട്ടിലേക്ക് അയക്കണമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു എന്നാരോപിച്ച്  ജീവനക്കാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് വൈദ്യുതി വകുപ്പിലെ ജീവനക്കാരനാണ് ആത്മഹത്യ ചെയ്തത്. ലഖിംപൂരിലെ ജൂനിയർ എൻജിനീയറുടെ ഓഫിസിന് പുറത്ത് ഗോകുൽ പ്രസാദ് (45) എന്ന ഉദ്യോ​ഗസ്ഥനാണ് ഡീസൽ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്.

ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയില്‍ കഴിയുന്നതിനിടെ ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജൂനിയർ എൻജിനീയർ നാഗേന്ദ്ര കുമാറിനെയും മറ്റൊരു ക്ലർക്കിനെയും സസ്‌പെൻഡ് ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗോകുൽ പ്രസാദ് തീകൊളുത്തിയതിന് ശേഷം സംഭവം വിവരിച്ച് വീഡിയോ ചിത്രീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.  ജൂനിയർ എൻജിനീയറും ക്ലർക്കും തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പൊലീസിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി ജൂനിയർ എൻജിനീയർ ഗോകുലിനെ പീഡിപ്പിക്കുകയായിരുന്നെന്ന് ഭാര്യ ആരോപിച്ചു. മേലുദ്യോ​ഗസ്ഥന്റെ പീഡനം മൂലം ഭർത്താവ് മാനസികമായി ബുദ്ധിമുട്ടിലായിരുന്നു. വിഷാദ രോ​ഗത്തിന് ചികിത്സ തേടി. പിന്നീട് അലിഗഢിലേക്ക് സ്ഥലം മാറ്റി. യാത്രാ ബുദ്ധിമുട്ടിനെ തുടർന്ന് വീട്ടിനടുത്തേക്ക് ഒരു ട്രാൻസ്ഫർ ആവശ്യപ്പെട്ടു. സ്ഥലം മാറ്റം ലഭിക്കണമെങ്കിൽ ഭാര്യയെ ഞങ്ങളോടൊപ്പം വീട്ടിലേക്ക് വിടണമെന്നും ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതായും ഇയാളുടെ ഭാര്യ പറഞ്ഞു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി ജൂനിയർ എൻജിനീയറെ സസ്‌പെൻഡ് ചെയ്തെന്ന് സീനിയർ പോലീസ് ഓഫീസർ സഞ്ജീവ് സുമൻ പറഞ്ഞു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്.

Related News