ദില്ലി: 26 വർഷമായി പോലീസിനെ കബളിപ്പിച്ച് വ്യാജ പേരിൽ ജീവിക്കുന്ന നക്സലൈറ്റ് നേതാവ് പിടിയിൽ. ബിഹാർ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാൾ ആൾമാറാട്ടം നടത്തി ജീവിച്ച് വരികയായിരുന്നു. ഐപിഎഫ് - മാലേ എന്ന 1990 കളിൽ സജീവമായിരുന്ന നക്സൽ ഗ്രൂപ്പിന്റെ നേതാവായിരുന്നു 60കാരനായ കിഷുൻ പണ്ഡിറ്റ്. വ്യാജപ്പേരിൽ ഹരിയാനയിലെ ഫരീദാബാദിൽ ജീവിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. നേരത്തേ ഇയാൾ മരിച്ചു പോയെന്നായിരുന്നു പോലീസ് അനുമാനിച്ചിരുന്നത്. എന്നാൽ അടുത്തകാലത്തായി ഇയാൾ വീണ്ടും സജീവ പ്രവർത്തനത്തിന് ഇറങ്ങിയതായി വിവരം ലഭിച്ച ദില്ലി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി.എസിപി അഭിനേന്ദ്ര ജെയിനിന്റെ നേതൃത്വത്തിൽ ലോക്കൽ പോലീസ് സംഘം ഇയാൾക്കായി വലവിരിച്ചു. ഒടുവിൽ ദില്ലിയിലെ പോൾ പ്രഹ്ലാദ്പൂരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഈ സമയം താൻ സൊളേന്ദ്ര പണ്ഡിറ്റ് ആണെന്ന് വ്യാജരേഖകൾ കാണിച്ച് സമർത്ഥിക്കാൻ ഇയാൾ ശ്രമം നടത്തിയെങ്കിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 1996 ൽ ബിഹാറിലെ പൻപനിൽ നക്സൽ നേതാവായ ദേവേന്ദർ സിംഗിനെ അജ്ഞാതർ കൊന്നു. ഇയാളുടെ മൃതദേഹം പോലീസ് കൊണ്ടുപോയി. പണ്ഡിറ്റും സംഘവും പൊലീസിനെ ആക്രമിച്ചു. ഈ ആക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ദേവേന്ദർ സിംഗിന്റെ മൃതദേഹവുമായി നക്സൽ സംഘം കടന്നു. പോലീസിന്റെ കൈവശമുണ്ടായിരുന്ന തോക്കും വെടിയുണ്ടകളും സംഘം കവർന്നു. സംഭവത്തിൽ കേസെടുത്ത ബിഹാർ പോലീസ് 31 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ പണ്ഡിറ്റ് അടക്കമുള്ള നാല് പേർ രക്ഷപ്പെട്ടു. 1997 ൽ പണ്ഡിറ്റിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് പോലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. അന്ന് ഒളിവിൽ പോയ പണ്ഡിറ്റിനെ 26 വർഷങ്ങൾക്ക് ശേഷമാണ് പോലീസ് പിടികൂടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?