വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മന്ത്രി ഈശ്വരപ്പ രാജിവെച്ചു

  • 14/04/2022



ബംഗളൂരു:   കര്‍ണാടക ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രി കെ.എസ് ഈശ്വരപ്പ രാജിവച്ചു. കരാറുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാക്കുറ്റത്തിന് കേസെടുത്തതിനെ തുടര്‍ന്ന് ഈശ്വരപ്പയുടെ രാജിക്കായി പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം. രാജിക്കത്ത് നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും സഹകരിച്ചതിന് എല്ലാവരോടും നന്ദിയുണ്ടെന്നും
മന്ത്രി പറഞ്ഞു. രാജി ആവശ്യപ്പെടില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഈശ്വരപ്പയുടെ പ്രഖ്യാപനം. 

ബെലഗാവി ജില്ലയില്‍നിന്നുള്ള കരാറുകാരന്‍ സന്തോഷ് കെ പാട്ടീലിനെയാണ് ഉഡുപ്പിയിലെ വിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ഈശ്വരപ്പയാണെന്ന് പാട്ടീല്‍ മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചതിനുപിന്നാലെയായിരുന്നു ആത്മഹത്യ. ഈശ്വരപ്പ തന്റെ വകുപ്പിനു കീഴിലുള്ള നാലു കോടി രൂപയുടെ പ്രവൃത്തിയുടെ ബില്ല് മാറിക്കിട്ടുന്നതിന് 40 ശതമാനം കമീഷന്‍ ആവശ്യപ്പെട്ടതായി സന്തോഷ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്കും കേന്ദ്രം ആഭ്യന്തരമന്ത്രിക്കും ഇദ്ദേഹം കത്തയക്കുകയും ചെയ്തു. എന്നിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്താണ് സന്തോഷ് പാട്ടീല്‍ ജീവനൊടുക്കിയത്.

സന്തോഷിന്റെ സഹോദരന്‍ പ്രശാന്ത് പാട്ടീലിന്റെ പരാതിയില്‍ ചൊവ്വ രാത്രി മന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അം?ഗങ്ങളായ രമേശ്, ബസവരാജ് എന്നിവരും കേസില്‍ പ്രതികളാണ്. എന്നാല്‍ രാജിവയ്ക്കില്ലെന്ന നിലപാടിലായിരുന്നു ഈശ്വരപ്പ. എന്നാല്‍ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തില്‍ നിന്ന് നേരിടേണ്ടിവന്നത്. 

നടപടി സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്ന് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷനും മുന്നറിയിപ്പ് നല്‍കി. ഇതിനു പിന്നാലെയാണ് നാടകീയമായി ഈശ്വരപ്പ രാജിപ്രഖ്യാപനം നടത്തിയത്.

Related News