ചായക്കൊപ്പം പ്രഭാതഭക്ഷണം നല്‍കിയില്ല; മരുമകള്‍ക്ക് നേരെ അമ്മായി അച്ഛന്‍ വെടിയുതിര്‍ത്തു

  • 15/04/2022

താനെ: ചായക്കൊപ്പം പ്രഭാതഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മായി അച്ഛന്‍  മരുമകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം ഉണ്ടായത്.  42കാരിയുടെ വയറ്റിലാണ് വെടിയേറ്റത്. പരിക്കേറ്റ സ്ത്രീ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

76കാരനായ കാശിനാഥ് പാണ്ടുരംഗ് പാട്ടീലാണ് മരുമകളെ വെടിവച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. രാവിലെ ചായയ്‌ക്കൊപ്പം പ്രഭാതഭക്ഷണം നല്‍കാത്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. ഇതേതുടര്‍ന്ന് അമ്മായി അച്ഛന്‍ റിവോള്‍വര്‍ എടുത്ത് മരുമകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

മറ്റൊരു മരുമകളാണ് പോലീസില്‍ പരാതി നല്‍കിയത്. വെടിയേറ്റ യുവതിയെ ബന്ധുക്കളാണ് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. വയറില്‍ വെടിയേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.  ആക്രമണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും പ്രകോപനമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related News