പാക്കിസ്ഥാന്‍ ഗാനം കേട്ടതിന് കുട്ടികളെ കസ്റ്റഡിയിലെടുത്തു

  • 16/04/2022


ന്യൂഡല്‍ഹി:  പാക് ഗായകന്റെ ഗാനം കേട്ടതിന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ കസ്റ്റഡിയിലെടുത്ത് ഉത്തര്‍ പ്രദേശ് പോലീസ്. 16, 17 വയസുള്ള കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദേശീയോദ്ഗ്രഥനത്തെ തടസപ്പെടുത്തല്‍, മനഃപൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഭൂട്ട പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ബറേലി ജില്ലയിലെ സിംഗായി മുര്‍വാനില്‍ പലചരക്ക് കട നടത്തുകയാണ് കൗമാരക്കാര്‍. പ്രദേശവാസിയായ ആശിഷ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിക്കാരന്‍ ഇവര്‍ മൊബൈലില്‍ പാട്ട് കേള്‍ക്കുന്നത് വീഡിയോയില്‍ പകര്‍ത്തി. പാക് ബാലതാരമായ ആരിഫിന്റെ ''പാകിസ്താന്‍ സിന്ദാബാദ്' എന്ന ഗാനമാണ് കുട്ടികള്‍ കേട്ടത്.


ഇരുവരോടും പാട്ടുകള്‍ കേള്‍ക്കുന്നത് നിര്‍ത്താന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ ഇന്ത്യയെ കുറിച്ച് മോശമായി സംസാരിക്കാന്‍ തുടങ്ങിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

എന്നാല്‍ അബദ്ധവശാല്‍ കുട്ടികള്‍ പാട്ട് കേട്ടതാണെന്നും അതിനുശേഷം ക്ഷമാപണം നടത്തിയിരുന്നെന്നും കുട്ടികളുടെ ബന്ധു പറഞ്ഞു. എന്നാല്‍ പരാതിക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയതായും രാത്രി മുഴുവന്‍ പൊലീസ് തടഞ്ഞുവെച്ചതായും വീട്ടുകാര്‍ ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ബറേലി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാജ്കുമാര്‍ അഗര്‍വാള്‍ അറിയിച്ചു. കുട്ടികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ രാത്രി ഇവരെ തടഞ്ഞുവച്ചോ എന്ന കാര്യം അറിയില്ലെന്ന് ബറേലി എസ്എസ്പി രോഹിത് സിങ് പരഞ്ഞു.

Related News