സി.എന്‍.ജി വിലവര്‍ധനവ്; തിങ്കളാഴ്ച മുതല്‍ നിരത്തിലിറങ്ങില്ലെന്ന് ഡെല്‍ഹിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍

  • 16/04/2022

ദില്ലി: സിഎന്‍ജി വിലവര്‍ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിനെക്കാനൊരുങ്ങി ഡെല്‍ഹിയിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍. സിഎന്‍ജി വിലയില്‍ മുപ്പത്തിയഞ്ച് രൂപ സബ്‌സിഡി നല്‍കുകയോ യാത്രനിരക്ക് വര്‍ധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം. 

കുറഞ്ഞവിലയില്‍ ഇന്ധനം അടക്കം സര്‍ക്കാര്‍ പ്രഖ്യാപനങ്ങളാണ് നിരവധി ഓട്ടോ തൊഴിലാളികളെ സിഎന്‍ജി ഓട്ടോറിക്ഷകളിലേക്ക് ആദ്യം ആകര്‍ഷിച്ചത്. നേരത്തെ 130 രൂപയ്ക്ക് ഫുള്‍ ടാങ്ക് നിറച്ചിടത്ത് നിലവില്‍ മൂന്നൂറെങ്കിലും വേണം. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് ഇവര്‍ പറയുന്നു. 11 രൂപയ്ക്ക് ഒരുകിലോ സിഎന്‍ജി കിട്ടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 13രൂപയിലധികമാണ് ദില്ലിയില്‍ സിഎന്‍ജിക്ക് വില കൂടിയത്. 

നിലവില്‍ ഒരു കിലോ സിഎന്‍ജി വാങ്ങാന്‍ 71 രൂപ വേണം. ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രി മുതല്‍ ദില്ലി മുഖ്യമന്ത്രിക്ക് വരെ പരാതികള്‍ നല്‍കി. നടപടിക്ക് സര്‍ക്കാര്‍ ഇല്ലാത്തതിനാലാണ് പുതിയ സമരമാര്‍ഗം സ്വീകരിക്കാന്‍ കാരണമെന്ന് യൂണിയനുകള്‍ പറയുന്നു. ഒരു ലക്ഷത്തോളം ഓട്ടോകളാണ് ദില്ലിയിലുള്ളത്. ദില്ലിയിലെ പൊതുഗതാഗത സംവിധാനം തന്നെ സിഎന്‍ജിയെ ആശ്രയിച്ചാണ്.

Related News