പഞ്ചാബില്‍ പവര്‍ കാണിച്ച്‌ എ.എ.പി സര്‍ക്കാര്‍; എല്ലാ വീട്ടിലും 300 യൂനിറ്റ് സൗജന്യ വൈദ്യുതി

  • 16/04/2022

ചണ്ഡിഗഡ്: ഡല്‍ഹിയിലെന്ന പോലെ പഞ്ചാബിലും ജനപക്ഷ ക്ഷേമ നടപടികളുമായി എ.എ.പി സര്‍ക്കാര്‍. എല്ലാ വീടുകളിലും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആംആദ്മി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ എല്ലാ മാസവും ഈ ആനുകൂല്യം ലഭ്യമാകും. പഞ്ചാബില്‍ ഭഗവന്ത് സിങ് മന്നിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു മാസ ഭരണകാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ജനങ്ങളെ തേടി അടുത്തുതന്നെ ഒരു ശുഭവാര്‍ത്ത എത്തുമെന്ന് മന്‍ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്‍ ഇപ്രകാരം പറഞ്ഞത്. പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് ഈ നയം പ്രഖ്യാപിച്ചത്. 

സംസ്ഥാനത്തിന് ആവശ്യമായതിലും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചിട്ടും പവര്‍ കട്ട് അടക്കം ഊര്‍ജപ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. നിരവധി പേര്‍ക്ക് ഉയര്‍ന്ന വൈദ്യതി ബില്‍ ലഭിക്കുന്നതും സംസ്ഥാനത്ത് സര്‍വസാധാരണമാണ്. അതേസമയം കാര്‍ഡുടമകളുടെ വീട്ടുപടിക്കല്‍ റേഷന്‍ സൗജന്യമായി എത്തിക്കുന്ന പദ്ധതിക്ക് പഞ്ചാബ് സര്‍ക്കാര്‍ കഴിഞ്ഞ മാസം രൂപം കൊടുത്തിരുന്നു. ഇതുകൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 25,000 തൊഴില്‍ അവസരങ്ങള്‍ സംസ്ഥാനത്തെ തൊഴില്‍രഹിതര്‍ക്കായി കഴിഞ്ഞമാസം തുറന്നുകൊടുത്തു. ഇതില്‍ 10,000 ഒഴിവുകള്‍ പൊലീസ് മേഖലയില്‍ നിന്നാണ്.

മാര്‍ച്ചില്‍ നടന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ബിജെപി-പഞ്ചാബ് ലോക് കോണ്‍ഗ്രസ്- എസ്എഡി കൂട്ടുകെട്ടും ശിരോമണി അകാലി ദള്‍ - ബിഎസ്പി കൂട്ടുകെട്ടും ഭേദിച്ച് സംസ്ഥാന ഭരണം ആംആദ്മി പാര്‍ട്ടി സ്വന്തമാക്കിയിരുന്നു. 92 സീറ്റുകള്‍ നേടിയാണ് പാര്‍ട്ടി അധികാരത്തിലെത്തിയത്. രണ്ടാമതെത്തിയ കോണ്‍ഗ്രസിന് 18 സീറ്റ് നേടാനേ കഴിഞ്ഞുള്ളു. സംസ്ഥാനത്ത് ആകെ 117 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

Related News