വീടില്ലാത്ത മൂന്നാം ക്ലാസുകാരന് പഠനത്തില്‍ 'തണലായി' ട്രാഫിക് പോലീസുകാരന്‍; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

  • 16/04/2022

കൊല്‍ക്കത്ത: നിയമപാലനത്തോടൊപ്പം പൊതുസമൂഹത്തോടുള്ള പ്രതിബദ്ധത കൂടി പ്രകടമാക്കുന്ന ഒരു   ട്രാഫിക്  പോലീസുകാരനാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സമൂഹത്തിന് മാതൃക ആയിരിക്കുകയാണ് ദക്ഷിണ കൊല്‍ക്കത്തയില്‍ നിന്നുള്ള ട്രാഫിക് പൊലീസുകാരന്‍ പ്രകാശ് ഘോഷ്.

തന്റെ ഡ്യൂട്ടിക്കപ്പുറം ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് കൂടി കൈത്താങ്ങാകാൻ ഇദ്ദേഹത്തിന് കഴിയുന്നു എന്നതാണ് പ്രത്യേകത. ബാലിഗഞ്ച് ഐടിഐക്ക് സമീപം ഡ്യൂട്ടിയിലായിരുന്നപ്പോഴെല്ലാം ഇദ്ദേഹം തെരുവില്‍ കഴിയുന്ന ബാലനെയും കുടുംബത്തെയും കാണാറുണ്ടായിരുന്നു. റോഡരികിലെ ഭക്ഷണശാലയിൽ ജോലി ചെയ്താണ് കുട്ടിയുടെ അമ്മ കുടുംബം നോക്കുന്നത്. സ്വന്തമായി വീടില്ലാത്ത ഇവർ പാതവക്കിലാണ് അന്തിയുറങ്ങിയിരുന്നത്. 

മൂന്നാം ക്ലാസുകാരനായ മകന് പഠനത്തിൽ താത്പര്യമില്ലെന്ന് തോന്നിയപ്പോഴാണ് അമ്മ പോലീസ് ഉദ്യോ​ഗസ്ഥനോട് തന്റെ ആശങ്ക പങ്കുവെച്ചത്. മകനെ പഠനത്തിൽ സഹായിക്കാമെന്ന് അദ്ദേഹം അമ്മക്ക് വാ​ഗ്ദാനം ചെയ്തു. മകൻറെ നല്ല ഭാവിക്കായിയുള്ള അമ്മയുടെ ആശങ്ക മനസിലാക്കിയ പ്രകാശ് തന്നാൽ കഴിയുന്നത് ചെയ്യാൻ തീരുമാനിച്ചു.  

അങ്ങനെ ജോലിക്കിടെ ലഭിക്കുന്ന ഒഴിവ് സമയത്ത് ബാലനെ പ്രകാശ് പഠിപ്പിക്കാന്‍ തുടങ്ങി. ജോലിക്കിടെ ലഭിക്കുന്ന ഒഴിവുസമയത്താണ് അദ്ദേഹം മൂന്നാം ക്ലാസുകാരനായ കുട്ടിയെ പഠിപ്പിക്കുന്നത്.  ബാലനെ പ്രകാശ് പഠിപ്പിക്കുന്ന ചിത്രം കൊല്‍ക്കത്ത പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. ചുരുങ്ങിയ സമയത്തിനകം തന്നെ ഈ ചിത്രം വൈറലാവുകയായിരുന്നു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ ചിത്രമാണിത്.  

Related News