പൊലിസ് ഇന്‍സ്‌പെക്ടര്‍ സ്വന്തം അമ്മയെ തടവിലിട്ടത് പത്ത് വര്‍ഷം; ഒടുവില്‍ നടപടി

  • 17/04/2022

തഞ്ചാവൂര്‍:  അമ്മയെ പത്ത് വര്‍ഷമായി തടവില്‍ പാര്‍പ്പിച്ച പൊലിസ് ഇന്‍സ്‌പെക്ടര്‍ക്കും സഹോദരനുമെതിരേ പൊലിസ് കേസെടുത്തു. തമിഴ് യൂനിവേഴ്‌സിറ്റി പൊലിസാണ് ഇന്‍സ്‌പെക്ടര്‍ ഷണ്‍മുഖസുന്ദരം(50), ഇയാളുടെ സഹോദരന്‍ ദൂരദര്‍ശന്‍ ജീവനക്കാരനായ വെങ്കിടേശന്‍(45) എന്നിവര്‍ക്കെതിരേ കേസെടുത്തത്. 

ഇവരുടെ അമ്മ ഗണജോതി(72)യെ സാമൂഹ്യ ക്ഷേമ വകുപ്പ് അധികൃതര്‍ വീട്ടിലെത്തി മോചിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളെയും മുതിര്‍ന്ന പൗരന്‍മാരെയും സംരക്ഷിക്കാനുള്ള നിയമത്തിലെ സെക്ഷന്‍ 24 പ്രകാരമാണ് മക്കള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. വളരെ ക്രൂരമായാണ് മക്കള്‍ ഗണജോതിയോട് പെരുമാറിയിരുന്നത്. രണ്ട് മക്കളും അമ്മക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ല. എല്ലുംതോലുമായ അവസ്ഥയിലായിരുന്നു ഇവര്‍. വിശക്കുമ്പോള്‍ ഇവര്‍ ശബ്ദമുണ്ടാക്കുന്നത് കേട്ട് അയല്‍വാസികളാണ് വെള്ളവും ബിസ്‌ക്കറ്റും മറ്റും ജനവാതിലിന്റെ ഉള്ളിലൂടെ എറിഞ്ഞ്‌കൊടുത്തിരുന്നത്. 

മകന്‍ പൊലിസ് ഉദ്യോഗസ്ഥനായതിനാല്‍ ആരോടെങ്കിലും പരാതിപ്പെടാനും അയല്‍ക്കാര്‍ ഭയന്നു. തങ്ങള്‍ക്ക് ലഭിച്ച അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൃദ്ധമാതാവിനെ മക്കള്‍ നഗ്നയാക്കി മര്‍ദ്ദിച്ചിരുന്നതായി ബോധ്യപ്പെട്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ഗണജോതിയെ ഇപ്പോള്‍ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ദിനേശ് പൊന്‍രാജ് ഒലിവര്‍ വ്യക്തമാക്കി. തന്റെ സഹോദരന്‍ അമ്മയുടെ പെന്‍ഷന്‍ തുകയായ 30000 രൂപ എല്ലാ മാസവും തട്ടിയെടുക്കുകയാണെന്നും അമ്മയുടെ ദുരവസ്ഥക്ക് കാരണം അയാളാണെന്നുമാണ് പൊലിസുകാരനായ ഷണ്‍മുഖ സുന്ദരത്തിന്റെ വാദം. ഇരുവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related News