ലഖിംപൂര്‍ ഖേരി കൊലപാതകം; മന്ത്രിപുത്രന്റെ ജാമ്യം റദ്ദാക്കി

  • 18/04/2022

ഉത്തര്‍പ്രദേശ്: ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധത്തിനിടെ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനമോടിച്ച് കയറ്റി കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. അലഹബാദ് ഹൈക്കോടതി അനുവദിച്ച ജാമ്യം ചീഫ്ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് റദ്ദാക്കിയത്. ആശിഷ് മിശ്ര ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് കോടതി വ്യക്തമാക്കി

ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുള്ള അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇരകളുടെ വാദം കേള്‍ക്കാന്‍ തയ്യാറായില്ല. ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോഴായാലും വിചാരണ വേളയിലായാലും ഇരകള്‍ക്ക് കേസിലെ നടപടികളുടെ ഭാഗമാകാനുള്ള അനിയന്ത്രിതമായ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. 

ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി അനാവശ്യമായ കാര്യങ്ങള്‍ പരിഗണിച്ചുവെന്നും, വിചാരണ സമയത്ത് മാത്രം പരിശോധിക്കേണ്ട കേസിലെ വസ്തുതകളില്‍ വാദം കേട്ടെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.ഈ സാഹചര്യത്തില്‍ ആശിഷ് മിശ്രയുടെ ജാമ്യ ഹര്‍ജിയില്‍ വീണ്ടും വാദം കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് പുതുതായി ഉണ്ടായ സാഹചര്യങ്ങള്‍ കൂടി പരിശോധിച്ചായിരിക്കണം വീണ്ടും വാദം കേള്‍ക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. 

അതേസമയം ഹൈക്കോടതിയുടെ പുതിയ ബെഞ്ചിന് മുന്‍പാകെ കേസ് ലിസ്റ്റ് ചെയ്യാന്‍ നിര്‍േദശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല

Related News