പ്രവാസികൾ മണിക്കൂറുകളോളം പൊരി വെയിലത്ത്; നടപടിയുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 18/04/2022

കുവൈത്ത് സിറ്റി: ഷുവൈക്കിലെ ലേബർ ഇൻസ്‌പെക്ഷൻ കേന്ദ്രത്തില്‍ വൻ ജനക്കൂട്ടം ഉണ്ടായത് വിവാദമായതോടെ പ്രതികരണവുമായി ആരോഗ്യ മന്ത്രാലയം. മിഷ്റഫ് ഗ്രൗണ്ടിലെ കുവൈത്ത് ഫീല്‍ഡ് ആശുപത്രി ലേബർ ഇൻസ്‌പെക്ഷൻ  കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് പരിശോധന കേന്ദ്രങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി മിഷ്റഫ് ഏരിയയിലെ എട്ടാമത്തെ ഹാളാണ് ഇത്തരത്തില്‍ മാറ്റാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. 

ഇ- സേവനങ്ങളുടെ പുതിയ കാലത്ത് പ്രവാസി ആരോഗ്യ പരിശോധന കേന്ദ്രങ്ങളിൽ വൻ ജനക്കൂട്ടം ഉണ്ടായത് വലിയ വിമർശനങ്ങൾക്ക് കാരണമായി. സർക്കാർ ഏജൻസികളുടെ ഡിജിറ്റൽ പരിവർത്തന പദ്ധതികളെ കുറിച്ച് സംശയങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ജനക്കൂട്ടമാണ് ഷുവൈക്കിലെ പ്രവാസി ലേബർ സെന്ററിൽ ഉണ്ടായത്. പരിശോധനയ്ക്കായി കയറുന്നതിനായി വളരെ നീളത്തിലുള്ള ക്യൂവിൽ നൂറുകണക്കിന് പ്രവാസികൾക്കാണ് കാത്തുനിൽക്കേണ്ടി വന്നത്.

കനത്ത ചൂടിൽ നോമ്പെടുത്ത കാത്തുനിൽക്കുന്നവരുടെ ദയനീയ കാഴ്ചയാണ് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറിയതോടെ രാജ്യം സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നിട്ടുണ്ട്. സർക്കാർ ഏജൻസികളിൽ ഔദ്യോ​ഗിക പ്രവർത്തനസമയവും തിരികെ വന്നു. എന്നിട്ടും ഇടപാടുകൾ പൂർത്തീകരിക്കാൻ ഇത്രയധികം സമയം എടുക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയർന്നിട്ടുള്ളത്. നാല് സെന്ററുകളിലായി 1,200 പ്രവാസികളുടെ അപ്പോയിൻമെന്റുകളാണ് ഉണ്ടായിരുന്നതെന്ന് ആരോ​ഗ്യ മന്ത്രാലായ വൃത്തങ്ങൾ വെളിപ്പെടുത്തി.

ഇതിനെത്തുടർന്നാണ് മിഷ്റഫ് ഗ്രൗണ്ടിലെ കുവൈത്ത് ഫീല്‍ഡ് ആശുപത്രി ലേബർ ഇൻസ്‌പെക്ഷൻ  കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചത്, തുടർന്ന്   ഈ വിഷയത്തിലെ നടപടിക്രമങ്ങള്‍ വിലയിരുത്തുവാന്‍ ആരോഗ്യ മന്ത്രി ഖാലിദ് അല്‍ സൈദ് ആശുപത്രി സന്ദര്‍ശിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും എല്ലാവിധ സുരക്ഷയും സൗകര്യവും ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കടുത്ത വേനലിന്‍റെ സാഹചര്യത്തില്‍ കൂടിയാണ് മന്ത്രാലയം ഈ തീരുമാനം എടുത്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News