ജിഎസ്ടി ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രം

  • 19/04/2022



ചരക്ക് സേവന നികുതി (ജിഎസ്ടി) ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രം. ജിഎസ്ടി നിരക്കുകളുടെ അഞ്ച് ശതമാനമുള്ള നികുതി സ്ലാബ് എട്ട് ശതമാനമാക്കി ഉയർത്താൻ ജിഎസ്ടി കൗൺസിൽ ആലോചിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കേന്ദ്രസർക്കാർ നിഷേധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചെന്ന് എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. 

നിലവിൽ, ജിഎസ്ടിക്ക് 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല്-ടയർ സ്ലാബ് ഘടനയുണ്ട്. കൂടാതെ, സ്വർണ്ണത്തിനും സ്വർണ്ണാഭരണങ്ങൾക്കും മൂന്ന് ശതമാനം നികുതിയുണ്ട്. ഇതിൽ അഞ്ച് ശതമാനം നികുതി നിരക്കിന് കീഴിൽ വരുന്ന ഉൽപ്പന്നങ്ങളെ വിഭജിച്ച് മൂന്ന് ശതമാനം നികുതി നിരക്കിലും എട്ട് ശതമാനം നികുതി നിരക്കിലും ഉൾപ്പെടുത്താനാണ് ആലോചന എന്നായിരുന്നുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

ജി എസ് ടി നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകാത്തതിനാൽ സംസ്ഥാനങ്ങളുടെ വരുമാനം ഇടിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നത് എന്നായിരുന്നു വാർത്തകൾ. എന്നാൽ കൗൺസിലിൽ നിന്ന് ഇത്തരമൊരു നിർദ്ദേശമില്ലെന്നും ഈ വാർത്ത അടിസ്ഥാനരഹിതമാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. 

അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ, പശ്ചിമ ബംഗാൾ ധനമന്ത്രി അമിത് മിത്ര, കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ, ബീഹാർ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിമാരുടെ സംഘത്തെ (GoM) ജിഎസ്ടി കൗൺസിൽ രൂപീകരിച്ചു. നിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചുള്ള റിപ്പോർട്ടിന് അന്തിമരൂപം നല്‍കിയിട്ടില്ലെന്നും ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു 

Related News