സര്‍പ്രൈസ് സമ്മാനം നല്‍കാന്‍ വിളിച്ചു വരുത്തി; പ്രതിശ്രുത വരന്‍റെ കഴുത്തറുത്ത് യുവതി

  • 19/04/2022

വിജയവാഡ: സര്‍പ്രൈസ് സമ്മാനം നല്‍കാനെന്ന പേരില്‍  പ്രതിശ്രുത വരനെ വിളിച്ചുവരുത്തി കഴുത്തറുത്ത് യുവതി. വിവാഹത്തിന് ഒരു മാസം മാത്രം ബാക്കി നിൽക്കെയാണ് സംഭവം. 

ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാത്തിലാണ് കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പുഷ്പ എന്ന യുവതിയാണ്  പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. സര്‍പ്രൈസ് സമ്മാനം നൽകാനെന്ന പേരിൽ യുവാവിനെ വിളിച്ചുവരുത്തിയ ശേഷം കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ടു. തുടര്‍ന്ന് കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യുവതി യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു. 

ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്.  എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പോലീസിന് മൊഴി നൽകി. ഇതോടെ താനാണ് ആക്രമിച്ചതെന്ന് യുവതി സമ്മതിച്ചു.  

 ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇത് വകയ്ക്കാതെയാണ് വീട്ടുകാര്‍ രാമനായിഡുവുമായി പുഷ്പയുടെ വിവാഹം തീരുമാനിച്ചത്.  

Related News