ജഹാംഗീര്‍പുരിയില്‍ പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും വേട്ടയാടുന്നുവെന്ന് രാഹുല്‍ഗാന്ധി

  • 20/04/2022

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും ബി.ജെ.പി നേതൃത്വത്തില്‍ വേട്ടയാടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ആരോപിച്ചു. ദരിദ്രരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള ഭരണകൂട നീക്കമാണ് നടക്കുന്നത്. ബി ജെ പി ഹൃദയത്തിലെ വിദ്വേഷം നീക്കണമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

ഹനുമാന്‍ജയന്തി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശത്ത് കോര്‍പ്പറേഷന്‍ രാവിലെ മുതല്‍ അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയിരുന്നു. പൊലീസിനുനേരെ കല്ലേറുണ്ടായി. ബിജെപി ഭരിക്കുന്ന കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധിയും ബൃന്ദ കാരാട്ടും അടക്കം പ്രതിപക്ഷനേതാക്കള്‍ രംഗത്തുവന്നു.

ശനിയാഴ്ച്ച ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ രാവിലെ 10 മണിയോടെ നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ചുനിരത്തല്‍ ആരംഭിച്ചു. 7 ബുള്‍ഡോസറുകള്‍. 400 ഓളം പൊലീസ് സന്നാഹം. ആശങ്കയോടെ ആളുകള്‍. ഹനുമാന്‍ജയന്തി ദിനത്തിലെ സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്ന് ബിജെപി ഡല്‍ഹി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇടിച്ചുനിരത്തലിന് സംഘര്‍ഷവുമായി ബന്ധമില്ലെന്ന് കോര്‍പറേഷന്‍.രണ്ടു ദിവസത്തെ ഇടിച്ചുനിരത്തല്‍ പരിപാടി ആരംഭിച്ച് ഒരുമണിക്കൂറിനകം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവ് കൈപ്പറ്റിയിട്ടില്ലെന്ന് വാദിച്ച് പൊളിക്കല്‍ തുടര്‍ന്നു. ഇതോടെ തടയാന്‍ സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട് എത്തി. ആളുകള്‍ പ്രതിഷേധിച്ചു. കല്ലേറുണ്ടായി. പൊലീസ് ലാത്തി വീശി. ചിലരെ കസ്റ്റഡിയിലെത്തു. ഹനുമാന്‍ജയന്തി ദിനത്തിലെ സംഘര്‍ഷത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്.

Related News