ഓടുന്ന സ്‌കൂള്‍ ബസില്‍ നിന്ന് ഛര്‍ദ്ദിക്കാനായി തല പുറത്തേക്കിട്ടു; ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം

  • 21/04/2022

ലക്‌നൗ: ഓടുന്ന സ്‌കൂള്‍ ബസില്‍ നിന്ന് തല പുറത്തേക്കിട്ട ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം.  ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചാണ് കുട്ടി മരിച്ചത്. ഗാസിയാബാദ് ദയാവതി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസുകാരന്‍ അനുരാഗ് ഭരദ്വാജാണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്.

ബസില്‍ വച്ച് അസ്വസ്ഥത തോന്നിയ കുട്ടി തല പുറത്തേയ്ക്ക് ഇടുകയായിരുന്നു. ഛര്‍ദ്ദിക്കാനായി തല പുറത്തേയ്ക്ക് ഇട്ട സമയത്ത് റോഡരികില്‍ നിന്ന ഇലക്ട്രിക് പോസ്റ്റില്‍ തല ഇടിച്ചാണ് കുട്ടി മരിച്ചതെന്ന് പോലീസ് പറയുന്നു. ബസില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയതാണ് അപകടകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കുട്ടി തല പുറത്തിട്ട സമയത്ത് ഡ്രൈവര്‍ വാഹനം വളച്ചു. ഈ സമയത്ത് റോഡരികില്‍ നിന്ന ഇലക്ട്രിക് പോസ്റ്റില്‍ തല ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഡ്രൈവറും ഹെല്‍പ്പറും ഓടി രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം ഇരുവരെയും അറസ്റ്റ് ചെയ്തു. ബസിന്റെ ഉടമ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ക്കെതിരെയും  പോലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related News