'വിവാഹം ഉറപ്പിച്ചു, എന്നെ വിളിച്ചുകൊണ്ടു പോകൂ'; പത്ത് രൂപ നോട്ടില്‍ കാമുകന് സന്ദേശമയച്ച് യുവതി

  • 21/04/2022

വ്യത്യസ്തവും കൗതുകമുണര്‍ത്തുന്നതുമായ പല വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. 10 രൂപ നോട്ടും അതിലെഴുതിയ കത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ കാമുകന്‍ വിശാലിന് കാമുകി കുസും എഴുതിയതാണ് ഈ ലെറ്റര്‍.

10 രൂപ നോട്ടില്‍ ഹിന്ദിയിലാണ് സന്ദേശമുള്ളത്. ഏപ്രില്‍ 26 ന് തന്റെ വിവാഹം ഉറപ്പിച്ചുവെന്നും തന്നെ വിളിച്ചുകൊണ്ടുപോകണമെന്നുമാണ് സന്ദേശം. 'വിശാല്‍, ഞാന്‍ ഏപ്രില്‍ 26 ന് വിവാഹിതയാവുകയാണ്. ദയവായി എന്നെ ഒപ്പം കൊണ്ടുപോകൂ. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്റെ കുസുമം' - നോട്ടിലെ വരികള്‍ ഇതാണ്. വിപുല്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ചിത്രം പങ്കുവച്ചത്. വളരെ ചുരുങ്ങിയ സമയത്തില്‍ ട്വീറ്റ് വൈറലാകുകയായിരുന്നു. 

വിശാലിന് സന്ദേശം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റര്‍ ഉപയോക്താവ് വിപുല്‍ ചിത്രം പങ്കുവെച്ചത്. ''ട്വിറ്റര്‍, നിങ്ങളുടെ ശക്തി കാണിക്കൂ. നിങ്ങള്‍ക്ക് അറിയാവുന്ന എല്ലാ വിശാലുകളെയും ദയവായി ടാഗ് ചെയ്യുക,'' അദ്ദേഹം ട്വീറ്റ് ചെയ്തു. എന്തായാലും സാമൂഹിക മാധ്യമങ്ങളിലെ പുതിയ ചര്‍ച്ചയാകുകയാണ് ഈ നോട്ടും കത്തും.

Related News