ബോറിസ് ജോണ്‍സണ്‍ ഗുജറാത്തില്‍; നാളെ മോദിയെ കാണും

  • 21/04/2022


അഹമ്മദാബാദ്: ബ്രിട്ടീഷ് പ്രധാനമന്ത്രി രണ്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തി. ഹാലോളിലെ ജെ.സി.ബി ഫാക്ടറി സന്ദര്‍ശിച്ച അദ്ദേഹം പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പ്രദര്‍ശത്തിന് സജ്ജമാക്കിയ ജെസിബിയില്‍ കയറി മാധ്യമങ്ങള്‍ക്ക് നേരേ കൈവീശി കാണിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇന്ത്യാ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി അഹമ്മദാബാദിലെത്തിയത്. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 

വിമാനത്താവളത്തില്‍ നിന്ന് നഗരത്തിലെ ഒരു ഹോട്ടല്‍ വരെയുള്ള നാല് കിലോമീറ്റര്‍ യാത്രയില്‍ അദ്ദേഹത്തിന് ഗംഭീര സ്വീകരണവും ഒരുക്കിയിരുന്നു. ഗുജറാത്തിലെത്തുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോണ്‍സണ്‍.വ്യാഴാഴ്ച രാവിലെ അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിലും ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം നടത്തിയിരുന്നു. അവിടെ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കാന്‍ ശ്രമിച്ച അദ്ദേഹം ആശ്രമത്തില്‍ വരാന്‍ സാധിച്ചത് മഹത്തായ ഭാഗ്യമാണെന്ന് സന്ദര്‍ശക പുസ്തകത്തില്‍ കുറിക്കുകയും ചെയ്തു. 

ഇതിനുപിന്നാലെ ആദാനി ഗ്രൂപ്പ് ആസ്ഥാനത്തെത്തിയ അദ്ദേഹം ആദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുമായും കൂടിക്കാഴ്ച നടത്തി.

Related News