കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

  • 23/04/2022

വിജയവാഡ: ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു.  ആന്ധ്രയിലെ വിജയവാഡയിലാണ് അപകടം ഉണ്ടായത്. ശിവകുമാര്‍ എന്നയാളാണ് മരിച്ചത്. 

വീട്ടിലെ കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യാനായി വച്ചിരുന്ന ബാറ്ററി പുലര്‍ച്ചെയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ശിവകുമാറിന്‍റെ ഭാര്യയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് ശിവകുമാര്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയത്. ഏതു കമ്പനിയുടെ സ്‌കൂട്ടര്‍ ആണെന്ന് വ്യക്തമായിട്ടില്ല. 

കഴിഞ്ഞ ദിവസം  തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80കാരന്‍ മരിച്ചിരുന്നു. കുടുംബത്തിലെ മറ്റു നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബി രാമസ്വാമിയാണ് മരിച്ചത്. 

തയ്യല്‍ക്കാരനായ മകന്‍ പ്രകാശ് ഒരു വര്‍ഷമായി ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കെതിരെ കേസെടുത്തു. 

Related News