രണ്ടു വയസ്സുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

  • 23/04/2022

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുപിയിലെ പ്രയാഗ് രാജിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. രാം കുമാര്‍ യാദവ് (55), ഭാര്യ കുസും ദേവി (52), മകള്‍ മനീഷ (25), മരുമകള്‍ സവിത (27), പേരക്കുട്ടി മീനാക്ഷി (2) എന്നിവരാണ് മരിച്ചത്. മറ്റൊരു പേരക്കുട്ടിയായ സാക്ഷിക്ക് (5) ഗുരുതരമായി പരിക്കേറ്റു.

ശനിയാഴ്ച രാവിലെ പ്രയാഗ്‌രാജിലെ ഖവാജ്പൂര്‍ മേഖലയിലാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ആദ്യം പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. വീട്ടിനുള്ളില്‍ കയറിയ പോലീസ് സംഘം അഞ്ച് വയസുകാരിയായ കുട്ടിയെ ഒഴികെ മറ്റെല്ലാവരേയും മരിച്ച നിലയിലാണ് പുറത്തെടുത്തത്. സംഭവം നടക്കുമ്പോള്‍ യാദവിന്റെ മകന്‍ സുനില്‍ (30) വീട്ടിലുണ്ടായിരുന്നില്ല. 

അഞ്ച് പേരുടെയും തലയ്ക്ക് അടിയേറ്റ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അടിയേറ്റു എന്നാണ് ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നതെന്ന് സീനിയര്‍ പോലീസ് ഓഫീസറായ അജയ് കുമാര്‍ പറഞ്ഞു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയതായും സംഭവത്തില്‍ വിശദമായ അന്വേഷണത്തിനായി ഏഴംഗ സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. 

Related News