മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഒരു ലിറ്റര്‍ പെട്രോളും ചെറുനാരങ്ങയും ഫ്രീ! പൊള്ളുന്ന വിലക്കയറ്റത്തില്‍ വ്യത്യസ്ത ഓഫറുമായി കടയുടമ

  • 23/04/2022

ലഖ്‌നൗ: പെട്രോളിന്‍റെയും ചെറുനാരങ്ങയുടെയും വില ഉയരുകയാണ്. പൊള്ളുന്ന വിലയില്‍ പൊറുതിമുട്ടിയിരിക്കുകയാണ് ജനങ്ങള്‍. കിലോയ്ക്ക് 50-60 രൂപ മുടക്കിയാല്‍ മതിയായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ വില 200-300 രൂപയാണ്. എന്നാല്‍ വിലക്കയറ്റത്തെ പുതിയ ആശയം കൊണ്ട് അതിജീവിക്കാന്‍ നോക്കുകയാണ് ഒരു കടയുടമ.

ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ് വ്യത്യസ്തമായ ഒരു പരസ്യം. ഉത്തര്‍പ്രദേശിലെ വാരാണസിയിലുള്ള യഷ് ജയ്‌സ്വാള്‍ എന്ന കച്ചവടക്കാരനാണ് വിലക്കയറ്റത്തെ തനിക്ക് അനുകൂലമാക്കി മാറ്റിയത്. വാരാണസിയിലെ ലഹുരബിറില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുകയാണ് യഷ് ജയ്‌സ്വാള്‍. തന്റെ മൊബൈല്‍ ഫോണുകളും ആക്‌സസറികളും വിറ്റഴിയാന്‍ യഷ് ശ്രദ്ധേയമായ ഒരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇപ്പോള്‍.

മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഒരു ലിറ്റര്‍ പട്രോള്‍ ഫ്രീയായി നല്‍കും. മൊബൈല്‍ ആക്‌സസറികള്‍ വാങ്ങുന്നവര്‍ക്ക് 100 രൂപയ്ക്ക് ചെറുനാരങ്ങയും കിട്ടും. 10,000 രൂപയ്‌ക്കോ അതിന് മുകളിലോ വിലയുള്ള മൊബൈല്‍ വാങ്ങുന്നവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി കിട്ടുന്നത്. ഇതിനൊപ്പം ആക്‌സസറികളും വാങ്ങിയാല്‍ 100 രൂപയ്ക്ക് ചെറുനാരങ്ങയും കിട്ടും. ഓഫര്‍ വച്ചത് വെറുതെ ആയില്ല എന്നാണ് യഷ് പറയുന്നത്. 

സംഭവം അറിഞ്ഞതോടെ തന്റെ കടയില്‍ തിരക്കായെന്നും തനിക്ക് കച്ചവടം വര്‍ധിച്ചതായും യഷ് പറയുന്നു. അതേസമയം രണ്ടിന്റേയും വില സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത് വരെ ഓഫര്‍ തുടരുമെന്നും യഷ്  ഉറപ്പ് നല്‍കുന്നു.

Related News