കുടുസ്സു മുറിയില്‍ റെയ്ഡിനെത്തിയ അധികൃതര്‍ ഞെട്ടി; കണ്ടെത്തിയത് പത്തു കോടി രൂപയിലേറെ

  • 23/04/2022

മുംബൈ:  കുടുസ്സു മുറിയില്‍ റെയ്ഡിനെത്തിയ ജിഎസ്ടി അധികൃതര്‍ ഞെട്ടി. മുറിയുടെ ചുമരുകളിലും മറ്റും കണ്ടെത്തിയത് പത്തു കോടിയിലേറെ രൂപയുടെ കറന്‍സിയും വെള്ളിക്കട്ടികളും. കഴിഞ്ഞയാഴ്ച തെക്കന്‍ മുംബൈയിലെ സാവേരി ബസാറിലെ ചെറിയ കടമുറികളില്‍ മഹാരാഷ്ട്രാ ജിഎസ്ടി അധികൃതര്‍ നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. 35 ചതുരശ്ര അടി മാത്രമായിരുന്നു ഈ മുറിയുടെ വലിപ്പം. 

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.  1764 കോടിയിലേറെ രൂപയുടെ ബിസിനസ്സാണ് ഈ മുറി കേന്ദ്രീകരിച്ചു നടന്നിരുന്നത്. ബിസിനസ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്യാത്ത കുഞ്ഞു മുറികളിലായിരുന്നു റെയ്ഡ്. ഇവ കേന്ദ്രീകരിച്ച് കോടികളുടെ ബുള്ളിയന്‍ ബിസിനസ് നടക്കുന്നുണ്ടെന്നായിരുന്നു വിവരം. ഇതില്‍ ഒന്നില്‍ നിന്നാണ് കറന്‍സിയും വെള്ളിക്കട്ടികളും കണ്ടെത്തിയത്. 

ചുമരുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണവും വെള്ളിക്കട്ടികളും കണ്ടെത്തിയത്. 9.78 കോടിയുടെ കറന്‍സിയും 19 കിലോ വെള്ളിയുമാണ് കണ്ടെത്തിയത്. ആറു മണിക്കൂര്‍ കൊണ്ടാണ് ഈ പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ചാമുന്ദ ബുള്ളിയന്‍ എന്ന ഈ സ്ഥാപനത്തിന്റെ മൊത്തം വരുമാനം 2019ല്‍ 22.83 ലക്ഷം ആയിരുന്നത് 2020ല്‍ 652 കോടി ആയാണ് ഉയര്‍ന്നത്. പിറ്റേ വര്‍ഷം ഇത് 1764 കോടി ആയതായും പരിശോധനയില്‍ കണ്ടെത്തി. 

ഉടമകളില്‍നിന്നു വ്യക്തമായ വിശദീകരണമൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ സ്ഥാപനം അടച്ചു മുദ്രവെച്ച അധികൃതര്‍ ഇന്‍കം ടാക്‌സ് വകുപ്പിനെ വിവരം അറിയിച്ചിരിക്കുകയാണ്. 

Related News