പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല; പതിനേഴുകാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി, തൊഴുത്തില്‍ കുഴിച്ചുമൂടി

  • 25/04/2022

ലഖ്‌നൗ: പ്രണയത്തിന്റെ പേരില്‍ പതിനേഴുകാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി. മൃതദേഹം തൊഴുത്തില്‍ കുഴിച്ചുമൂടി. ഉത്തര്‍പ്രദേശിലെ ബന്ദയിലാണ് ദുരഭിമാനക്കൊല നടന്നത്. കേസില്‍ അച്ഛന്‍ ദേശ്‌രാജ്, സഹോദരന്‍ ധനഞ്ജയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകാതിരുന്നതാണ് കൊലയ്ക്ക് കാരണം.  ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊഴുത്തില്‍ കുഴിച്ചുമൂടി. സ്വന്തം സമുദായത്തിലുള്ള യുവാവുമായിട്ടായിരുന്നു പെണ്‍കുട്ടിയുടെ ബന്ധം. 

പക്ഷേ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ ബന്ധം സമ്മതമായിരുന്നില്ല. ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മൃതദേഹം പുറത്തെടുത്തത്. കഴുത്ത് ഞെരിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.

Related News