16 യൂ ട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്

  • 25/04/2022

ന്യൂഡെല്‍ഹി:  ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും 16 യൂ ട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് കേന്ദ്രാ വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി. 10 ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

 2021ലെ ഐ.ടി ചട്ടങ്ങളിലെ റൂള്‍ 18 പ്രകാരം ഈ ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തില്‍ ഒരു സമുദായത്തെ ഭീകര സ്വഭാവമുള്ളവരായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്തുവെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഈ മാസം അഞ്ചിന് ഇതേ കാരണത്താല്‍ നാല് പാക് ചാനലുകള്‍ അടക്കം 22 യുട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി 55 യു ട്യൂബ് ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

വിലക്കേര്‍പ്പെടുത്തിയ ചാനലുകള്‍:

ഇന്ത്യന്‍ ചാനലുകള്‍

സൈനി എജ്യുക്കേഷന്‍ റിസര്‍ച്ച്

ഹിന്ദി മെയിന്‍ ദേഖോ

ടെക്നിക്കല്‍ യോഗേന്ദ്ര

ആജ് തെ ന്യൂസ്

എസ്.ബി.ബി ന്യൂസ്

ഡിഫന്‍സ് ന്യൂസ് 24*7

ദ് സ്റ്റഡി ടൈം

ലേറ്റസ്റ്റ് അപ്ഡേറ്റ്

എം.ആര്‍.എഫ് ടി.വി ലൈവ്

തഹാഫുസ്-ഇ-ദീന്‍-ഇന്ത്യ

പാകിസ്താന്‍ ചാനലുകള്‍

ആജ്തക് പാകിസ്താന്‍

ഡിസ്‌കവര്‍ പോയിന്റ്

റിയാലിറ്റി ചെക്സ്

കൈസര്‍ ഖാന്‍

ദ് വോയിസ് ഓഫ് ഏഷ്യ

ബോല്‍ മീഡിയ ബോല്‍

Related News