എം.കെ സ്റ്റാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നടിയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം

  • 27/04/2022

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെപ്പറ്റി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ നടി മീരമിഥുനിനെ അറസ്റ്റുചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നടി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ഉത്തരവ്.

ഇവര്‍ സ്ഥിരമായി ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നയാളാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ എസ്. സന്തോഷ് ചൂണ്ടിക്കാണിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ഹൈക്കോടതി നടിയെ അറസ്റ്റു ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.


പുറത്തുവരാനിരിക്കുന്ന സിനിമയായ പേയ് കാണോമിന്റെ പ്രവര്‍ത്തകരുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് തരംതാണ ഭാഷയില്‍ നടി മുഖ്യമന്ത്രിക്കെതിരേ പരാമര്‍ശം നടത്തിയത്. ഇതിന്റെ പേരില്‍ സൈബര്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ശബ്ദസന്ദേശം ഗ്രൂപ്പില്‍ വന്ന സമയത്ത് താന്‍ ഒരു ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടി പറഞ്ഞത്. 

ബിഗ് ബോസ് ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ മീര മിഥുന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുയായിയാണെന്ന് അവകാശപ്പെടുന്നയാളാണ്. നേരത്തേ ദളിത് വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ നിയമനടപടി നേരിട്ട ഇവരെ കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ ആലപ്പുഴയില്‍നിന്നാണ് അറസ്റ്റുചെയ്തത്.

Related News