രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 3000 കടന്നു

  • 28/04/2022

ന്യൂഡല്‍ഹി:  രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഒരിടവേളക്ക് ശേഷം വീണ്ടും 3000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 46 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടക്കുന്നത്. 

39 കോവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനവും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12.8 ശതമാനം കേസുകളുടെ വര്‍ദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. നിലവില്‍ 16,980 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

24 മണിക്കൂറിനിടെ 2,563 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. ഇതുവരെ 5,23,693 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ വാക്സിനേഷന്‍ നിരക്ക് 188.40 കോടി കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിട്ടുണ്ട്. ഡല്‍ഹി, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.

Related News