അജയ് ദേവ്ഗണ്ണിന്റേത് പരിഹാസ്യമായ വാദമെന്ന് കുമാരസ്വാമി

  • 28/04/2022


കര്‍ണാടക:  ഹിന്ദി ഭാഷയുമായി ബന്ധപ്പെട്ട് കന്നഡ നടന്‍ കിച്ച സുദീപയും ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തിയ സംവാദത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കിച്ചാ സുദീപയെ പിന്തുണച്ച് രംഗത്ത്.

ഹിന്ദി ഒരു ദേശീയ ഭാഷയല്ലെന്നാണ് കിച്ചാ സുദീപ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്. പിന്നെ എന്തിനാണ് നിങ്ങള്‍ നിങ്ങളുടെ പുതിയ സിനിമ ഹിന്ദിയില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നതെന്ന് ഇതിന് മറുപടിയായി അജയ് ദേവ്ഗണും ചോദിച്ചു. 

ഈ തര്‍ക്കത്തിലാണ് കുമാരസ്വാമി അഭിപ്രായവുമായി രം?ഗത്തെത്തിയത്. കിച്ചാ സുദീപ പറഞ്ഞതില്‍ തെറ്റില്ലെന്നും നൂറ് ശതമാനം ശരിയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അജയ് ദേവ്ഗണിന്റേത് പരിഹാസ്യമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു.കന്നഡയും തെലുങ്കും തമിഴും മലയാളവും മറാഠിയും പോലെ ഹിന്ദിയും അതിലൊരു ഭാഷയാണ്. ഇന്ത്യ നിരവധി ഭാഷകളുടെ ഉദ്യാനമാണ്. വര്‍ണ വൈവിധ്യങ്ങളുടെ നാടാണ്. അത് കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബോളിവുഡിനെ മറികടന്ന് കന്നഡ സിനിമ വളരുകയാണെന്ന് അജയ് ദേവ്ഗണ്‍ മനസിലാക്കണം. നിങ്ങളുടെ ഫൂല്‍ ഔര്‍ കാണ്ടേ എന്ന ചിത്രം ഒരു വര്‍ഷമാണ് ബംഗളൂരുവില്‍ പ്രദര്‍ശിപ്പിച്ചത്. ഹിന്ദി അടിത്തറയായുള്ള കേന്ദ്രത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രാദേശിക ഭാഷകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.


Related News