വിമാന ടിക്കറ്റ് ബുക്കിംഗില്‍ വന്‍ തട്ടിപ്പ്; ഇരയായി കുവൈത്തിലെ പൗരന്മാരും പ്രവാസികളും

  • 28/04/2022

കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളില്‍ ഈദ് അവധി ആഘോഷിക്കാന്‍ പൗരന്മാരും താമസക്കാരും തയാറാകുന്നതിനിടെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം തട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതി. കുവൈത്ത് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുന്ന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമിനെതിരെയാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. വാണിജ്യ മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചുകഴിഞ്ഞു. കുവൈത്തിന് പുറത്തും ഇതേ തട്ടിപ്പ് നടന്നതായാണ് മന്ത്രാലയത്തിന് ലഭിച്ച പരാതികളില്‍ നിന്ന് വ്യക്തമാകുന്നത്. കുവൈത്ത് കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്‍റെ ലൈസന്‍സുള്ള ഫോണ്‍ നമ്പറാണ് തട്ടിപ്പുകാര്‍ നല്‍കിയിരിക്കുന്നത്.

തട്ടിപ്പ് നടത്തുന്ന ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമിന്‍റെ ലാന്‍ഡ്‍ ലൈന്‍ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ കുവൈത്ത് അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗിനുള്ള രാജ്യാന്തര വെബ്സൈറ്റുകള്‍ വഴി ബുക്ക് ചെയ്യുമ്പോള്‍ പണം അടയ്ക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ ലഭിക്കും. അത്തരത്തില്‍ വളരെ കുറഞ്ഞ നിരക്ക് കാണിച്ച് ഉപഭോക്താക്കളെ ആകര്‍ഷിച്ചാണ് ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം തട്ടിപ്പ് നടത്തുന്നത്. ഇങ്ങനെ ബുക്ക് ചെയ്ത് പണം അടച്ചുകഴിഞ്ഞാല്‍ നിരക്ക് കൂടി എന്ന് പറഞ്ഞ് ഉപഭോക്താക്കള്‍ക്ക് ഫോണ്‍ കോളോ ഇ മെയിലോ ലഭിക്കും. 

തുടര്‍ന്ന് 10 മുതല്‍ 30 ശതമാനം വരെ ഉയര്‍ന്ന നിരക്ക് അടയ്ക്കണം അല്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെടും. ഈ പണം നല്‍കാതെ രക്ഷയില്ല എന്ന അവസ്ഥയിലേക്ക് ഉപഭേക്താക്കളെ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. റിസര്‍വേഷന്‍ റദ്ദാക്കണം എന്ന് പറയുന്നവരോട് ഒരാഴ്ചക്കുള്ളില്‍ ബാങ്ക് അക്കൗണ്ടില്‍ അവര്‍ അടച്ച തുക എത്തുമെന്ന് വാഗ്ദാനം ചെയ്യുമെങ്കിലും അതും ലഭിക്കാറില്ല. ഇങ്ങനെ നിരവധി പേരാണ് പണം നഷ്ടമായതായി പരാതിപ്പെടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News