പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ അപകടം

  • 28/04/2022

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങിയ തായ്‌ലന്‍ഡ് വിമാനം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.  പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും സുരക്ഷിതമായി വിമാനം നിലത്തിറക്കാനായി. 150 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. 256 സീറ്റുകളുള്ള ടിജി 325 ബോയിങ് ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം ചൊവ്വാഴ്ച രാത്രി 11.32 ഓടെ ബംഗളൂരു വിമാനത്താവളത്തില്‍ പറന്നിറങ്ങി.

പറന്നിറങ്ങുന്നതിന് തൊട്ടുമുന്‍പ് ടയര്‍ പൊട്ടിയെങ്കിലും പൈലറ്റ് സുരക്ഷിതമായി വിമാനം നിലത്തിറക്കി. ആകാശത്ത് വച്ചാണ് ടയര്‍ പൊട്ടിയതെങ്കിലും ഇത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അത്ഭുതകരമായാണ്  യാത്രക്കാര്‍ രക്ഷപ്പെട്ടത്. യാത്രക്കാരെ പുറത്തിറക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടത്തി. സാങ്കേതികവിഭാഗം പുതിയ ടയര്‍ ഘടിപ്പിച്ച ശേഷം വ്യാഴാഴ്ച വിമാനം തായ്‌ലന്‍ഡിലേക്ക് തിരികെ പറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News