രോഗമുക്തിയില്‍ ജിസിസിയില്‍ രണ്ടാമത്, കൊവിഡ് വാര്‍ഡുകളില്‍ പുതിയ രോഗികളില്ല; കൊവിഡിനെ തോല്‍പ്പിച്ച് കുവൈത്ത്

  • 29/04/2022

കുവൈത്ത് സിറ്റി: മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് മഹാമാരിയെ അതിജീവിച്ച് കുവൈത്ത്. ഈദ് അല്‍ ഫിത്തര്‍ ആഘോഷമാക്കാന്‍ രാജ്യം തയാറെടുക്കുമ്പോള്‍ കൊവിഡ് സാഹചര്യം വളരെയേറെ മെച്ചപ്പെട്ട അവസ്ഥയിലാണ്. 2021 ഡിസംബറിന് ശേഷം ആദ്യമായി പുതിയ രോഗികള്‍ കൊവിഡ് വാര്‍ഡുകളിലേക്ക് എത്താത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഒപ്പം പ്രതിദിന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗമുക്തി 100 ശതമാനത്തിലേക്കുമെത്തി. ഏപ്രില്‍ 21ന് 64 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 93 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ കൊവിഡ് വാര്‍ഡുകളില്‍ ആകെ എട്ട് രോഗികള്‍ മാത്രമാണ് ചികിത്സയിലുള്ളത്.

ജിസിസി രാജ്യങ്ങളില്‍ രോഗമുക്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് കുവൈത്ത്. 99.5 ശതമാനമാണ് കുവൈത്തിലെ രോഗമുക്തി നിരക്ക്. 99.6 ശതമാനത്തോടെ ഖത്തറാണ്  ഒന്നാമത്. വാക്സിനേഷന്‍റെ കാര്യത്തിലും രാജ്യം വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. രണ്ട് മാസങ്ങള്‍ക്കിടയില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. ഫെബ്രുവരി മുതല്‍ ഈ മാസം 23ന് വരെ മൂന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 470,000 കടന്നിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒമിക്രോണിനും ഡെല്‍റ്റയ്ക്കുമെതിരെ ബൂസ്റ്റര്‍ ഡോസ് 90 ശതമാനത്തിലേറെ ഫലപ്രദമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ പറയുന്നതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News