ഗര്‍ഭിണിയായ ഭാര്യയെ കക്കൂസ് വൃത്തിയാക്കുന്ന ലിക്വിഡ് കുടിപ്പിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു

  • 29/04/2022

ഹൈദരാബാദ്: തെലങ്കാനയിൽ ​കക്കൂസ് വൃത്തിയാക്കുന്ന ലിക്വിഡ് കുടിപ്പിച്ച് ഭര്‍ത്താവ് ഗർഭിണിയെ കൊലപ്പെടുത്തി. ഭാര്യ മരിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടുവെന്ന് പോലീസ് അറിയിച്ചു. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ വർണി മണ്ഡലിലെ രാജ്പേട്ട് തണ്ടയിൽ ഏപ്രിൽ 27 ബുധനാഴ്ചയാണ് സംഭവം നടന്നത്. രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

നാല് വർഷം മുമ്പാണ് ഭർത്താവ് തരുൺ മരിച്ച കല്യാണിയെ വിവാഹം കഴിച്ചത്. മൂന്ന് മാസം മുമ്പ്, കല്യാണി ഗർഭിണിയായപ്പോൾ മുതൽ തരുൺ അവളെ പീഡിപ്പിക്കാൻ തുടങ്ങി. അവൾ സുന്ദരിയല്ലെന്നായിരുന്നു ഇയാളുടെ ആരോപണം. വീട്ടുകാരിൽ നിന്ന് കൂടുതൽ സ്ത്രീധനം ലഭിക്കുന്നതിനായി ഇയാൾ അവളെ തുടർച്ചയായി ഉപദ്രവിച്ചിരുന്നതായി വർണി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതേ തുടർന്ന് തരുൺ കല്യാണിയെ ടോയ്‌ലറ്റ് ക്ലീനിംഗ് ലിക്വിഡ് നിർബന്ധിച്ച് കുടിപ്പിച്ചു. ഇത് കുടിച്ചതോടെ കല്യാണിയുടെ നില ​ഗുരുതരമായി. തുടര്‍ന്ന് വീട്ടുകാർ യുവതിയെ ചികിത്സയ്ക്കായി നിസാമാബാദിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ചികിത്സയിലിരിക്കെ ബുധനാഴ്ച കല്യാണി മരിച്ചു. തരുണിനും കുടുംബത്തിനുമെതിരെ കല്യാണിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. അധിക സ്ത്രീധനത്തിന്റെ പേരിൽ അവർ തന്നെ പീഡിപ്പിക്കുകയും ടോയ്‌ലറ്റ് ക്ലീനിംഗ് ലിക്വിഡ് കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് കല്യാണി മൊഴി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തരുണിനും രണ്ട് കുടുംബാംഗങ്ങൾക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302, 304-ബി, 498-എ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പ്രതികൾ ഇപ്പോൾ ഒളിവിലാണ്.

Related News