ഹിന്ദി സംസാരിക്കാത്തവര്‍ രാജ്യം വിടണമെന്ന് യു.പി മന്ത്രി

  • 29/04/2022

ലഖ്‌നൗ: ഹിന്ദി ഭാഷയെ സ്നേഹിക്കാത്തവര്‍ വിദേശികളാണെന്നും ഇവര്‍ രാജ്യം വിട്ട് പോവണമെന്നും യു പി മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി ഭാഷയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യുപിയിലെ ഫിഷറീസ് മന്ത്രിയായ സഞ്ജയ് നിഷാദ് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യയില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഹിന്ദിയെ ഇഷ്ടപ്പെടണം. ഹിന്ദി ഇഷ്ടമല്ലാത്തവരെ വിദേശികളായോ വിദേശശക്തികളുമായി ബന്ധമുള്ളവരായോ കണക്കാക്കുംമെന്നുമാണ് മന്ത്രി പറഞ്ഞത്. ഞങ്ങള്‍ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുന്നു. എന്നാല്‍ ഇന്ത്യ ഹിന്ദുസ്ഥാനാണെന്നാണ് ഭരണഘടന പറയുന്നത്. ഹിന്ദി സംസാരിക്കുന്നവരുടെ നാടെന്നാണ് അതിന്റെ അര്‍ത്ഥം. അതിനാല്‍ ഹിന്ദുസ്ഥാന്‍ ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള സ്ഥലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദിയെ കുറിച്ച് സിനിമാ നടന്‍മാരായ അജയ് ദേവ്ഗണും കിച്ച സുദീപും തമ്മിലുള്ള വാക്പോരാണ് വീണ്ടും ഹിന്ദി വിവാദത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുന്നത്. നിലവില്‍ പാന്‍ ഇന്ത്യ സിനിമകളെന്ന് പറഞ്ഞിറക്കുന്ന ബോളിവുഡ് ചിത്രങ്ങള്‍ തെലുങ്കിലും കന്നഡയിലും തമിഴിലും മലയാളത്തിലും റീമേക്ക് ചെയ്താലും വിജയിക്കുന്നില്ല. പക്ഷേ തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയില്‍ മൊഴിമാറ്റി ബോളിവുഡ് ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്. അങ്ങനെയെങ്കില്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഹിന്ദി ദേശീയ ഭാഷയാണെന്ന് എങ്ങനെ പറയാനാകുമെന്നായിരുന്നു സുദീപ് ചോദിച്ചത്.

Related News