ഒളിച്ചുകളിക്കുന്നതിനിടെ രണ്ട് പെൺകുട്ടികൾ ഫ്രീസറിൽ കുടുങ്ങി മരിച്ചു

  • 29/04/2022

മൈസൂര്‍: സുഹൃത്തുക്കൾക്കൊപ്പം ഒളിച്ചുകളിച്ച രണ്ട് പെൺകുട്ടികൾ ഐസ്ക്രീം ഫ്രീസറിൽ കുടുങ്ങി മരണപ്പെട്ടു. കർണാടകയിലെ മൈസൂരിലാണ് സംഭവം ഉണ്ടായത്. മൈസൂരു നഞ്ചന്‍ഗോഡിലെ മസാഗെ ഗ്രാമത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു ദാരുണസംഭവം. കാവ്യ നായക് (അഞ്ച്), ഭാഗ്യ നായക (12) എന്നിവരാണ് മരിച്ചത്. 

ഒളിക്കാനായി ഈ പെൺകുട്ടികൾ തെരഞ്ഞെടുത്തത് ഉപേക്ഷിക്കപ്പെട്ട ഐസ്ക്രീം ഫ്രീസറിൽ ആയിരുന്നു. അവിടെയുണ്ടായിരുന്ന ഒരു ഉന്തുവണ്ടിയിലെ ഐസ്‌ക്രീം പെട്ടിയിലാണ് ഇരുവരും ഒളിച്ചിരുന്നത്.  ഭാഗ്യയുടെ വീടിന് സമീപമാണ് ഉന്തുവണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഇരുവരും ഐസ്‌ക്രീം പെട്ടിക്കുള്ളില്‍ കയറിയത് ഒപ്പം കളിച്ചിരുന്ന മറ്റുകുട്ടികള്‍ കണ്ടിരുന്നില്ല.  ഐസ്‌ക്രീം കച്ചവടക്കാരന്‍ ആറുമാസം മുമ്പ് ബെംഗളൂരുവിലേക്ക് പോയതിനാല്‍ ഉന്തുവണ്ടി റോഡരികില്‍ ഉപേക്ഷിച്ചനിലയിലായിരുന്നു. 

ഇവർ ഉള്ളിൽ കയറി വാതിലടച്ചപ്പോൾ ഫ്രീസർ സ്വയം ലോക്കായി. അങ്ങനെ പെൺകുട്ടികൾ ഇതിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനാൽ വീട്ടുകാർ അന്വേഷിച്ചിറങ്ങി. കുട്ടികൾ ഒളിച്ചുകളിക്കുകയായിരുന്നു എന്ന് മാതാപിതാക്കൾ അറിഞ്ഞപ്പോൾ അവർ  ഐസ്ക്രീം  ഫ്രീസർ പരിശോധിച്ചു. പരിശോധനയിൽ പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

Related News