ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്‍റ്; ലേബര്‍ ഓഫീസുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി വാണിജ്യ മന്ത്രാലയം

  • 29/04/2022

കുവൈത്ത് സിറ്റി: വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ ഈടാക്കുന്ന തുകയില്‍ കൃത്രിമം കാണിക്കുന്ന ഡൊമസ്റ്റിക്ക് ലേബര്‍ ഓഫീസുകള്‍ക്കെതിരെ വാണിജ്യ മന്ത്രാലയം. റിക്രൂട്ട്മെന്‍റിന് വാണിജ്യ മന്ത്രാലയം നിജപ്പെടുത്തിയിട്ടുള്ള തുക മാത്രമേ ഈടാക്കാവൂ എന്നാണ് നിര്‍ദേശം. ഇത് പാലിക്കാത്ത ഡൊമസ്റ്റിക്ക് ലേബര്‍ ഓഫീസുകള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഉടമകളെ പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി. മാന്‍പവര്‍ അതോറിറ്റിയും വാണിജ്യ മന്ത്രാലയവും ചേര്‍ന്ന് ഈ വിഷയത്തില്‍ പരിശോധന ശക്തമാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

വിദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ 890 ദിനാറില്‍ കൂടുതല്‍ ചെലവ് വരുത്തരുതെന്നാണ് വാണിജ്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഈ വ്യവസ്ഥ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് ഡൊമസ്റ്റിക്ക് ലേബര്‍ ഓഫീസ് ഉടമകള്‍ പ്രതികരിച്ചു. ഈദ് അല്‍ ഫിത്തറിന് ശേഷം കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യും. എന്നാല്‍, വാണിജ്യ മന്ത്രാലയം അനുവദിച്ചിട്ടുള്ള തുക ഒട്ടും പര്യാപ്തമല്ലെന്നും നഷ്ടമുണ്ടാക്കുന്നതാണെന്നുമാണ് ഓഫീസുകള്‍ പറയുന്നത്. കൂടുതല്‍ പേര്‍ അഭ്യര്‍ത്ഥിക്കുന്ന ഫിലിപ്പിയന്‍സില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ടിക്കറ്റ് തുക ഇല്ലാതെ തന്നെ ചെലവാകുന്നത് 734 മുതല്‍ 950 ദിനാര്‍ വരെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News