ജാതി ചിഹ്നം രേഖപ്പെടുത്തിയ റിസ്റ്റ് ബാന്‍ഡ് ധരിച്ച് സ്‌കൂളിലെത്തി; വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി, 17കാരന്‍ മരിച്ചു

  • 02/05/2022

ചെന്നൈ: വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയില്‍ 17കാരന്‍ മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. കൈത്തണ്ടയില്‍ കെട്ടുന്ന റിസ്റ്റ് ബാന്‍ഡുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ രണ്ടു ടീച്ചര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പോലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ജാതി ചിഹ്നം രേഖപ്പെടുത്തിയിരിക്കുന്ന റിസ്റ്റ് ബാന്‍ഡ് ധരിച്ച് സ്‌കൂളില്‍ എത്തിയ പതിനൊന്നാം ക്ലാസുകാരനെ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന 17കാരന്‍ ചോദ്യം ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പതിനൊന്നാം ക്ലാസുകാരന് പിന്തുണയുമായി അതേ ക്ലാസില്‍ പഠിക്കുന്ന മറ്റു രണ്ടു വിദ്യാര്‍ഥികള്‍ കൂടി എത്തി. തുടര്‍ന്ന് സ്‌കൂള്‍ പരിസരത്ത് വച്ച് നടന്ന വഴക്കിലാണ് 17കാരന്‍ മരിച്ചതെന്ന് പോലീസ് പറയുന്നു.17കാരന്‍ പിന്നാക്ക വിഭാഗത്തില്‍ നിന്ന് വരുന്ന വിദ്യാര്‍ഥിയാണ്. 

സംഘര്‍ഷത്തില്‍ പങ്കെടുത്ത പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളില്‍ ഒരാളും പിന്നാക്ക വിഭാഗത്തില്‍ നിന്ന് വരുന്ന കുട്ടിയാണ്. മറ്റു രണ്ടുപേര്‍ മറ്റൊരു ജാതിയില്‍ പെട്ട വിദ്യാര്‍ഥികളാണ്. ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിയേറ്റാണ് 17കാരന്‍ മരിച്ചത്. ചെവിക്കും തലയുടെ ഒരു ഭാഗത്തുമാണ് അടിയേറ്റത്. ഗുരുതരാവസ്ഥയിലായ 17കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ കുട്ടി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തലയില്‍ രക്തം കട്ടപിടിച്ചതാണ് മരണം കാരണം. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വിദ്യാര്‍ഥിക്ക് ആരോഗ്യനില വീണ്ടെടുക്കാന്‍ സാധിച്ചില്ല. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചു.  

Related News