റെയില്‍വേ സ്റ്റേഷനില്‍ കുടുംബത്തോടൊപ്പം ഉറങ്ങിയ ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

  • 02/05/2022

ഹൈദരാബാദ്:  റെയില്‍വേ സ്റ്റേഷനില്‍ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന ഗര്‍ഭിണിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ ബാപറ്റല്ല ജില്ലയിലെ റെപ്പല്ലെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബലാത്സംഗത്തിനിരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൃഷ്ണ ജില്ലയിലെ നാഗയലങ്ക സ്വദേശിയായ യുവതിയും ഭര്‍ത്താവും മൂന്നു കുട്ടികളും ഞായറാഴ്ച രാത്രി 11 മണിയോടെയാണ് റെപ്പല്ലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയത്. തുടര്‍യാത്രയ്ക്ക് ട്രെയിന്‍ ഇല്ലാത്തതിനാല്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം യുവതി റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങി. ജോലി തേടിയുള്ള യാത്രയ്ക്കിടെ ദമ്പതിമാരും കുട്ടികളും റെപ്പല്ലെ  റെയില്‍വേ സ്‌റ്റേഷനിലെ ബെഞ്ചുകളിലാണ് ശനിയാഴ്ച രാത്രി ഉറങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെ മദ്യപിച്ചെത്തിയ മൂന്നംഗസംഘം ഇവരെ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ യുവതിയുടെ ഭര്‍ത്താവിന്റെ കയ്യിലെ പണം കൊള്ളയടിച്ചു. ഇയാളെ മര്‍ദ്ദിച്ച് അവശനാക്കിയ അക്രമികള്‍ തടയാനെത്തിയ കുട്ടികളെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് യുവതിയെ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

യുവതിയുടെ ഭര്‍ത്താവ് റെയില്‍വേ അധികൃതരില്‍നിന്നും റെയില്‍വേ പോലീസില്‍നിന്നും സഹായം തേടാന്‍ ശ്രമിച്ചെങ്കിലും ആ സമയത്ത് സ്റ്റേഷനില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.  മണിക്കൂറുകള്‍ക്ക് ശേഷം സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടില്‍ യുവതിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. 

Related News