വേനൽ കാലത്തെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ തയാറെടുത്ത് കഴിഞ്ഞുവെന്ന് കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 05/05/2022

കുവൈത്ത് സിറ്റി: വരാനിരിക്കുന്ന വേനൽക്കാലത്ത് രാജ്യത്തിന്റെ വൈദ്യുതിയുടെയും വെള്ളത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ തയാറെടുത്തു കഴിഞ്ഞുവെന്ന് വൈദ്യുതി മന്ത്രി എഞ്ചിനിയർ അലി അൽ മൗസ അറിയിച്ചു. ഷുവൈക്കിലെ പ്രധാന ജല നിയന്ത്രണ കേന്ദ്രത്തിൽ നടത്തിയ പരിശോധനകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സബാഹ് അൽ സലമിലെ വിതരണ ശൃംഖലകൾക്കുള്ള ഫോൾട്ട് ഫോളോ-അപ്പ് റൂം, തന്ത്രപ്രധാനമായ സ്റ്റോക്കിന്റെ നില, രേഖപ്പെടുത്താൻ പ്രതീക്ഷിക്കുന്ന ഉൽപ്പാദന, ഉപഭോഗ നിരക്കുകൾ, വരാനിരിക്കുന്ന വേനൽക്കാലത്തെ വൈദ്യുത സാഹചര്യം എന്നിവയും അദ്ദേഹം പരിശോധിച്ചു.

ഈ വേനൽക്കാലത്തെ ഏറ്റവും ഉയർന്ന ജല ഉപഭോഗം 520 മില്യൺ ഗ്യാലൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്തേക്കാൾ 10 മില്യൺ ഗാലന്റെ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതകളാണ് ഉള്ളത്. ജല ഉൽപാദന നിരക്ക് ഇന്ന് 415 മില്യണിൽ എത്തിയിട്ടുണ്ട്. അൽ-മുത്‌ലാ പ്രദേശത്തിനായി വാട്ടർ ടാങ്കുകളുടെയും വാട്ടർ ടവറിന്റെയും പദ്ധതികൾ നടപ്പിലാക്കുന്നതിനും പ്രധാന ജലപാതകളെ തെക്കൻ, വടക്കൻ മേഖലകളിലെ റിസീവിംഗ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതിനും മന്ത്രാലയം നടപടി സ്വീകരിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

Related News