മുബാറക്കിയയിൽ പരിശോധന കർശനമാക്കി കുവൈറ്റ് വാണിജ്യ മന്ത്രാലയം; എട്ട് പെർഫ്യൂം ഷോപ്പുകള്‍ അടപ്പിച്ചു

  • 09/05/2022

കുവൈത്ത് സിറ്റി: മുബാറക്കിയ പ്രദേശത്തെ പെർഫ്യൂം ഷോപ്പുകളില്‍ പരിശോധന നടത്തി വാണിജ്യ മന്ത്രാലയത്തിലെ ക്യാപിറ്റല്‍ എമര്‍ജന്‍സി ടീം. നിയമലംഘനം നടത്തിയതിന് എട്ട് പെർഫ്യൂം കടകള്‍ അടപ്പിച്ചതായി എമര്‍ജന്‍സി ടീം തലവന്‍ ഹമീദ് അല്‍ ദഫ്‍രി പറഞ്ഞു. 

വാണിജ്യ വഞ്ചനയിൽ നിന്നും വിലയില്‍ കൃത്രിമം കാണിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി മുബാറക്കിയ മേഖലയിൽ വാണിജ്യ മന്ത്രാലയം ഇൻസ്‌പെക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. പൗരന്മാരും താമസക്കാരും വാണിജ്യ വഞ്ചനയ്ക്ക് ഇരയാകുന്നത് തടയുന്നതിന് പുറമെ നിരവധി സന്ദർശകരെ ആകർഷിക്കുന്ന വിനോദസഞ്ചാര മേഖലയായതിനാൽ  മുബാറക്കിയ മാർക്കറ്റ് നിയന്ത്രിക്കുന്നതിന് മറ്റ് റെഗുലേറ്ററി അതോറിറ്റികളുമായി സഹകരിച്ച് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ചില പെർഫ്യൂം കടകൾ അവരുടെ ലൈസൻസില്‍ പറഞ്ഞിട്ടുള്ള പ്രവർത്തനങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അല്‍ ദഫ്‍രി പറഞ്ഞു. നിയമലംഘനങ്ങള്‍ നടക്കുന്നതിനൊപ്പം പ്രദേശത്ത് തീപിടിത്തമുണ്ടാകുന്ന സാഹചര്യം കൂടെ പരിഗണിച്ചാണ് വിഷയത്തില്‍ അടിയന്തിര നടപടികള്‍ വാണിജ്യ മന്ത്രാലയം സ്വീകരിക്കുന്നത്. നിയമലംഘനം കണ്ടെത്തുന്ന സാഹചര്യത്തില്‍ കടകള്‍ അടപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related News